കെ.വി.തോമസ് കോൺഗ്രസിനെ ഒറ്റുകൊടുത്തു: കെ.സുധാകരൻ
Mail This Article
കൊച്ചി ∙ കോൺഗ്രസിനെ ഒറ്റുകൊടുത്ത ഒരാളായേ കെ.വി.തോമസിനെ കാണാൻ കഴിയൂവെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. തോമസിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടതു കെപിസിസി പ്രസിഡന്റ് തനിച്ചല്ല, കേരളത്തിലെ കോൺഗ്രസിന്റെ കൂട്ടായ തീരുമാനമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ഇരുവരും.
കോൺഗ്രസിൽ ഉത്തരവാദപ്പെട്ട പദവികൾ വഹിച്ച, പാർട്ടിയുടെ ഭാഗമായി നിന്ന കെ.വി.തോമസിനെ സ്നേഹത്തോടെയാണു കണ്ടിരുന്നത്. അദ്ദേഹത്തിന്റെ നടപടി പാർട്ടിയെ വഞ്ചിക്കുന്നതിനു തുല്യമാണ്. ഒരു രാഷ്ടീയ പാർട്ടിയുടെ സെമിനാറിൽ പങ്കെടുക്കുന്നതിനെയല്ല എതിർത്തത്. കോൺഗ്രസുകാരെ കൊന്നു തള്ളിയ പാർട്ടിയുടെ വേദിയിൽ പോയതിനാണ് എതിർപ്പ്.
തോമസും സിപിഎമ്മും ഒരു വർഷമായി ധാരണയിലായിരുന്നു. സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിന്റെ കൊച്ചിയിലെ റിസോർട്ടിൽ സന്ദർശനം നടത്തിയിട്ടുണ്ട്. തോമസിനെതിരായ സൈബർ ആക്രമണത്തിൽ കോൺഗ്രസിനു പങ്കില്ലെന്നും മറിച്ചു തെളിയിച്ചാൽ തോമസിനു മുന്നിൽ കുമ്പിട്ടു നിൽക്കാമെന്നും സുധാകരൻ പറഞ്ഞു. ഇപ്പോൾ ഭയങ്കര കോൺഗ്രസ് വികാരമാണു തോമസിനെന്നും അദ്ദേഹം കളിയാക്കി.
സിപിഎം പാർട്ടി കോൺഗ്രസ് കേരള ഘടകം ഹൈജാക്ക് ചെയ്തെന്നു വി.ഡി. സതീശൻ പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടുകളെ പോലും തള്ളിയാണു പാർട്ടി കോൺഗ്രസിൽ തീരുമാനങ്ങൾ രൂപപ്പെട്ടത്. കോൺഗ്രസ് വിരുദ്ധ സമ്മേളനമായി പാർട്ടി കോൺഗ്രസ് മാറി. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടന്നപ്പോഴും തിരഞ്ഞെടുപ്പ് സമയത്തും ബിജെപിയും സിപിഎമ്മിനും ഇടയിൽ പ്രവർത്തിച്ച അതെ ഇടനിലക്കാർ തന്നെ ഇപ്പോഴും അവർക്കിടയിലെ പാലമായി പ്രവർത്തിക്കുന്നു. ഇടനിലക്കാർ ആരെന്നു വൈകാതെ പുറത്തുവരുമെന്ന് സതീശൻ പറഞ്ഞു.
English Summary: K Sudhakaran slams K.V Thomas