ADVERTISEMENT

ന്യൂഡൽഹി ∙ പാർട്ടിയുടെ വിലക്കു ലംഘിച്ചു സിപിഎം സെമിനാറിൽ പങ്കെടുത്തതിന് ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനാവശ്യപ്പെട്ട് കെ.വി.തോമസിനു കോൺഗ്രസ് ദേശീയ അച്ചടക്ക സമിതി കാരണംകാണിക്കൽ നോട്ടിസ് അയച്ചു. തോമസിനെതിരെ കടുത്ത നടപടി വേണമെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ശുപാർശ കണക്കിലെടുത്താണ് എ.കെ.ആന്റണിയുടെ അധ്യക്ഷതയിൽ സമിതി ഇന്നലെ യോഗം ചേർന്നത്. പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ മുൻ പിസിസി പ്രസിഡന്റ് സുനിൽ ഝാക്കറിനും നോട്ടിസ് അയച്ചു.

ഇരുവരുടെയും വിശദീകരണം പരിശോധിക്കാൻ സമിതി അടുത്തയാഴ്ച വീണ്ടും യോഗം ചേരും. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച ശുപാർശ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്കു കൈമാറും. എഐസിസി അംഗങ്ങളായതിനാലാണ് തോമസിനും ഝാക്കറിനുമെതിരായ നടപടികൾ ദേശീയ സമിതി കൈകാര്യം ചെയ്യുന്നത്.

കോൺഗ്രസുകാരനായാണു താൻ സെമിനാറിൽ പങ്കെടുത്തതെന്നും ഇതിനു മുൻപും കോൺഗ്രസ് നേതാക്കൾ മറ്റു പാർട്ടികളുടെ പരിപാടികളിൽ സാന്നിധ്യമറിയിച്ചിട്ടുണ്ടെന്നും നോട്ടിസിനുള്ള മറുപടിയിൽ തോമസ് ചൂണ്ടിക്കാട്ടും. അച്ചടക്ക സമിതിയംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരവും േതടും. തോമസ് ഈയാഴ്ച ഡൽഹിയിലെത്തുമെന്നാണു വിവരം.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ഛന്നിയെ വിമർശിച്ചതാണു ഝാക്കറുടെ പേരിലുള്ള കുറ്റം. ഛന്നി കോൺഗ്രസിനു ബാധ്യതയായെന്നും അദ്ദേഹത്തിന്റെ അഴിമതി തിരിച്ചടിയായെന്നും ഝാക്കർ ആരോപിച്ചിരുന്നു.

ആന്റണിക്കു പുറമേ സമിതിയംഗങ്ങളായ ജെ.പി.അഗർവാൾ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കർണാടക മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

∙ ‘കോൺഗ്രസിനെ ഒറ്റുകൊടുത്ത ഒരാളായേ കെ.വി.തോമസിനെ കാണാൻ കഴിയൂ. തോമസും സിപിഎമ്മും ഒരു വർഷമായി ധാരണയിലായിരുന്നു. സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിന്റെ കൊച്ചിയിലെ റിസോർട്ടിൽ സന്ദർശനം നടത്തിയിട്ടുണ്ട്.’ – കെ.സുധാകരൻ‌, കെപിസിസി പ്രസിഡന്റ് 

∙ ‘കെ.വി.തോമസിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടതു കെപിസിസി പ്രസിഡന്റ് തനിച്ചല്ല, കേരളത്തിലെ കോൺഗ്രസിന്റെ കൂട്ടായ തീരുമാനമാണ്.’ – വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ്

∙ ‘കെ.വി.തോമസിനെതിരായ നടപടി കോൺഗ്രസ് നേതൃത്വം തീരുമാനിക്കും. തീരുമാനത്തിന് എന്റെ പൂർണ പിന്തുണയുണ്ടാകും.’ – ഉമ്മൻ ചാണ്ടി, മുൻ മുഖ്യമന്ത്രി

∙ ‘കെ.വി.തോമസ് സിപിഎം സെമിനാറിനായി കണ്ണൂരിലേക്കു വണ്ടി കയറിയാലുടൻ പൂറത്താക്കുമെന്നു പറഞ്ഞ കെ.സുധാകരനും വി.ഡി.സതീശനും തലയിൽ മുണ്ടിട്ടു നടക്കുകയാണ്. പുറത്താക്കാനുള്ള ആർജവം കോൺഗ്രസിനില്ല.’ – കെ.സുരേന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ

English Summary: Show cause notice for KV Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com