ADVERTISEMENT

കണ്ണൂർ ∙ സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായി ദലിത് വിഭാഗത്തിൽ നിന്നൊരാൾ പൊളിറ്റ്‌ബ്യൂറോയിൽ (പിബി) – ബംഗാളിൽനിന്നുള്ള മുൻ ലോക്സഭാംഗം ഡോ.രാമചന്ദ്ര ദോം. സീതാറാം യച്ചൂരിയെ മൂന്നാം വട്ടവും ജനറൽ‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത് 23–ാം പാർട്ടി കോൺഗ്രസിന് സമാപനമായി. പ്രായപരിധി വ്യവസ്ഥ കാരണം വിരമിച്ച എസ്.രാമചന്ദ്രൻ പിള്ളയ്ക്കു പകരം കേരളത്തിൽനിന്ന് എ.വിജയരാഘവൻ പിബിയിലെത്തി.

മന്ത്രിമാരായ കെ.എൻ‍.ബാലഗോപാലും പി.രാജീവും കേരള വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവിയും മുൻ ലോക്സഭാംഗം സി.എസ്.സുജാതയുമാണ് കേരളത്തിൽനിന്നു സിസിയിലെ പുതുമുഖങ്ങൾ. പ്രായപരിധി വ്യവസ്ഥ മൂലം വൈക്കം വിശ്വനും പി.കരുണാകരനും സിസിയിൽനിന്ന് ഒഴിവാക്കപ്പെട്ടു. ആരോഗ്യ കാരണങ്ങളാൽ എം.സി.ജോസഫൈനെയും ഒഴിവാക്കാൻ ആലോചനയുണ്ടായിരുന്നു. അതിനിടെയാണ് ജോസഫൈന്റെ വിയോഗം സംഭവിച്ചത്.

കേന്ദ്ര കമ്മിറ്റിയുടെ (സിസി) അംഗബലം 95ൽനിന്ന് 85 ആക്കി. പിബിയുടെ അംഗബലം കുറയ്ക്കാനുള്ള‍ ആലോചന വിവിധ സംസ്ഥാനങ്ങളുടെ എതിർപ്പുമൂലം ഉപേക്ഷിക്കേണ്ടിവന്നു.

vijayaraghavan
എ.വിജയരാഘവൻ, അശോക് ധാവ്ളെ, രാമചന്ദ്ര ദോം

വി.എസ്.അച്യുതാനന്ദനെയും പാലോളി മുഹമ്മദ്കുട്ടിയെയും സിസിയിലെ പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി. എസ്ആർപിയും പിബിയിൽനിന്ന് അദ്ദേഹത്തിനൊപ്പം ഒഴിവായ ബിമൻ‍ ബോസും ഹന്നൻ മൊള്ളയും സിസിയിലെ പ്രത്യേക ക്ഷണിതാക്കളായി. മഹാരാഷ്ട്ര മുൻ‍ സെക്രട്ടറിയും കിസാൻ സഭാ നേതാവുമായ ഡോ.അശോക് ധാവ്ളെയും പിബിയിൽ പുതുതായെത്തി. ദോമും ധാവ്ളെയും എംബിബിഎസ് ബിരുദം നേടിയശേഷമാണു പാർട്ടിയിൽ സജീവമായത്.

മുൻ പിബി അംഗം എ.കെ.പത്മനാഭനാണ് അഞ്ചംഗ കൺട്രോൾ കമ്മിഷന്റെ അധ്യക്ഷൻ. അംഗമായി എം.വിജയകുമാറിനെ ഉൾപ്പെടുത്തി; പി.രാജേന്ദ്രൻ ഒഴിവായി. പിബിയിൽ‍ ദലിത് പ്രാതിനിധ്യം ഉറപ്പാക്കാൻ യച്ചൂരി കഴിഞ്ഞ പാർ‍ട്ടി കോൺഗ്രസിൽ ശ്രമിച്ചു പരാജയപ്പെട്ടതാണ്. ഇത്തവണ ഒരാളെ ഉൾപ്പെടുത്താനുള്ള സാധ്യത കഴിഞ്ഞ ദിവസം പ്രകാശ് കാരാട്ട് സൂചിപ്പിക്കുകയും ചെയ്തു. അതു കേരളത്തിൽനിന്നാവണമെന്നു ചില കേന്ദ്ര നേതാക്കൾ‍ താൽപര്യപ്പെട്ടെങ്കിലും വിജയരാഘവൻ പിബിയിലെത്തുന്നതിനു തടസ്സമാകുമെന്ന വാദം മറ്റു ചിലർ വാദിച്ചു. തുടർന്നാണ് ദോമിനെ തിരഞ്ഞെടുത്തത്. 

പാർട്ടിയുടെ ഉന്നത സമിതികളിൽ കൂടുതൽ ചെറുപ്പക്കാർ കടന്നുവരുന്നുവെന്ന് ഉറപ്പാക്കാനാണ് പ്രായപരിധി വ്യവസ്ഥ നടപ്പാക്കുന്നത്. സമിതികളിൽ പ്രായപരിധി വ്യവസ്ഥ ബാധകമാക്കുന്ന പാർട്ടി ഭരണഘടനാ ഭേദഗതിയും അംഗീകരിച്ചു.

balagopal
കെ.എൻ‍.ബാലഗോപാൽ, പി.രാജീവ്, പി.സതീദേവി, സി.എസ്.സുജാത

സിസിയിൽ ആറിലൊന്ന് വനിതകൾ

സിസിയിൽ മൂന്നു വനിതകളുൾപ്പെടെ 17 പുതുമുഖങ്ങളുണ്ട്. സിസിയിലെ വനിതാ പ്രാതിനിധ്യം 20% ആക്കാനാണ് പാർട്ടി ലക്ഷ്യമിട്ടത്. 85 അംഗ സമിതിയിൽ 15 വനിതകളായതോടെ 17% പ്രാതിനിധ്യമായി; മൊത്തം അംഗങ്ങളിൽ ആറിലൊന്ന്. പുതിയ സിസിയിലെ 84 പേരെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. കഴിഞ്ഞ പാർട്ടി കോൺഗ്രസിലെ പോലെ ഇത്തവണയും ഒരു സീറ്റ് ഒഴിച്ചിട്ടു. കേന്ദ്ര സെക്രട്ടേറിയറ്റിനെ പിന്നീടു പ്രഖ്യാപിക്കും.

 

Egnlish Summary: Yechury to continue as CPM general secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com