ചെമ്പകമരം വെട്ടിയൊതുക്കി, തൂൺ മുറിച്ചു; ചേർപ്പ് പൊലീസിന്റെ പരിഹാരക്രിയ !
Mail This Article
ചേർപ്പ് (തൃശൂർ) ∙ തുടർച്ചയായ കൊലപാതകങ്ങളും ഗൗരവമായ കുറ്റകൃത്യങ്ങളുംകൊണ്ടു പൊറുതിമുട്ടിയ പൊലീസ് ഒടുവിൽ സ്റ്റേഷന്റെ കാലക്കേട് തീരാൻ അഭയം തേടിയത് വാസ്തു വിദഗ്ധനെ. പ്രധാന കവാടത്തിനു മുന്നിൽ ആസ്ബസ്റ്റോസ് ഷീറ്റ് വിരിച്ചിരിക്കുന്നതിനു താങ്ങായി നിൽക്കുന്ന ഇരുമ്പ് തൂണ് വിദഗ്ധന്റെ നിർദേശ പ്രകാരം മാറ്റി സ്ഥാപിച്ചെങ്കിലും പിന്നെയും നടന്നു സംഭവബഹുലമായ മറ്റൊരു കൊലപാതകം. കൊലപാതകം ഉൾപ്പെടെ സ്റ്റേഷൻ പരിധിയിൽ നടന്ന എല്ലാ കേസുകളും തെളിയിക്കാനായി എന്നതു തലവേദനകൾക്കിടയിലും പൊലീസിന് ആശ്വാസമാണ്.
ഡിസംബർ 5 മുതൽ കഴിഞ്ഞ മാസം വരെ സ്റ്റേഷൻ പരിധിയിൽ നടന്നത് 4 കൊലപാതകങ്ങളാണ്. ജോലിഭാരം എല്ലാ പൊലീസുകാരിലും കടുത്ത മാനസിക സമ്മർദമുണ്ടാക്കി. ഇതേ തുടർന്നാണു ചില ഉദ്യോഗസ്ഥർ വാസ്തു വിദഗ്ധനിൽ അഭയംപ്രാപിച്ചത്. 15 വർഷം മുൻപ് കൊലപാതകങ്ങളും വലിയ മോഷണങ്ങളും സ്റ്റേഷൻ പരിധിയിൽ പതിവായപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ജ്യോത്സ്യനെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ഇതേ വളപ്പിൽ സ്റ്റേഷൻ കെട്ടിടത്തേക്കാൾ ഉയരത്തിൽ നിൽക്കുന്ന ചെമ്പക മരത്തിന്റെ ഉയരം കുറയ്ക്കുകയും ചെയ്തിരുന്നു.
Content Highlight: Cherpu police station