ശ്യാമൾ മണ്ഡൽ കൊലപാതകം: രണ്ടാം പ്രതി കുറ്റക്കാരൻ; ശിക്ഷ ഇന്ന്
Mail This Article
തിരുവനന്തപുരം ∙ 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് എൻജിനീയറിങ് വിദ്യാർഥി ശ്യാമൾ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ആൻഡമാൻ സ്വദേശി മുഹമ്മദലി കുറ്റക്കാരനെന്നു സിബിഐ കോടതി. ശിക്ഷ ഇന്നു വിധിക്കും. ആൻഡമാൻ സ്വദേശിയായ ശ്യാമളിന്റെ കുടുംബ സുഹൃത്തായിരുന്നു മുഹമ്മദലി. ഒന്നാം പ്രതി ബംഗാൾ സ്വദേശി ദുർഗ ബഹദൂർ ഭട്ട് ചേത്രിയെന്ന ദീപക് ഇപ്പോഴും ഒളിവിലാണ്.
കോളിളക്കം സൃഷ്ടിച്ച കേസിൽ 17 വർഷത്തിനു ശേഷമാണു വിധി. 2005 ഒക്ടോബർ 13 ന് ആണ് ഗവ.എൻജിനീയറിങ് കോളജ് അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ അവസാന വർഷ വിദ്യാർഥി ശ്യാമൾ മണ്ഡലിനെ തട്ടിക്കൊണ്ടു പോയത്.
ശ്യാമളിന്റെ സഹപാഠി ദിഗംബരന്റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തെങ്കിലും 24നു ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കോവളം ബൈപാസിൽ വെള്ളാറിൽ കണ്ടെത്തുകയായിരുന്നു. ചാക്കുകെട്ടിൽ നിന്നുള്ള ദുർഗന്ധം ശ്രദ്ധയിൽപെട്ട നാട്ടുകാർ പൊലീസിനെ അറിയിച്ചതോടെയാണ് അരുംകൊല പുറംലോകമറിയുന്നത്. പ്രതികൾ ശ്യാമളിനെ വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയ ശേഷം പിതാവിനെ വിളിച്ച് 20 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു. പിന്നീട് അതു 10 ലക്ഷമാക്കി കുറച്ചു. എന്നാൽ പൊലീസ് പിന്തുടരുന്നുണ്ടെന്നു മനസ്സിലാക്കിയതോടെ ശ്യാമളിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷം കൊല നടത്തുകയായിരുന്നു.
English Summary: Shyamal Mandal murder case verdict