ADVERTISEMENT

നോമ്പിന് അത്താഴത്തിന് (പുലർച്ചെ ഭക്ഷണം കഴിക്കൽ) എഴുന്നേൽക്കുന്നതും നിയ്യത്ത് (നാളെ നോമ്പെടുക്കാമെന്നു കരുതുന്നത്–വായ കൊണ്ടു പറയുന്നത് കൂടിയാണ് നല്ലതെന്നാണ് വിശ്വാസം) വയ്ക്കുന്നതും വലിയ കൗതുകമുള്ള കാര്യമാണ് കുട്ടികൾക്ക്. അവളുടെ അനിയത്തി പാത്തുവിനും  ആ കൗതുകമുണ്ടായിരുന്നു. കുറച്ചു കൂടി ചെറുപ്പത്തിൽ അവൾക്കും അതുണ്ടായിരുന്നു. അവളോടും അവളേക്കാൾ മുതിർന്നവർ അതു സംബന്ധിച്ചു ചോദിക്കുമ്പോൾ ജാ‍ഡ കാണിക്കുമായിരുന്നു. 

അവളും അതു ചെയ്യാതിരിക്കുമോ? അവളുടെ അനിയത്തിയോട് അതു കാണിച്ചു. അത്താഴത്തിന് പാത്തു ഉണരാതിരിക്കാൻ പോലും അവൾ ശ്രദ്ധിച്ചു. പക്ഷേ മനസ്സിലെ വലിയ മോഹം കൊണ്ടായിരിക്കും അന്ന് അവളെത്ര ശ്രദ്ധിച്ചിട്ടും പാത്തു എഴുന്നേറ്റു. ഭക്ഷണം കഴിച്ചു. നിയ്യത്ത് വയ്ക്കാൻ സഹായിക്കാൻ ആവശ്യപ്പെട്ടപ്പോൾ മുതിർന്നവർ പാത്തുവിനെ നിരുത്സാഹപ്പെടുത്തി. കഷ്ടിച്ച് 5 വയസ്സുമാത്രമുള്ള പാത്തുവിനെ കൊണ്ട് നോമ്പെടുക്കാൻ സാധിക്കില്ലെന്നു വീട്ടുകാർ വിധിയെഴുതി. അവൾ വാശി തുടങ്ങിയപ്പോൾ നിയ്യത്ത് വയ്ക്കാൻ സഹായിക്കാൻ അവളെ ഏൽപ്പിച്ചു.

അൽപം അസൂയയും അതിനേക്കാൾ കൂടുതൽ അനിയത്തി ആവശ്യമില്ലാതെ തന്നെ ശല്യപ്പെടുത്തുകയാണെന്ന തോന്നലുമുണ്ടായിരുന്നതിനാൽ അവൾ ഒഴിഞ്ഞുമാറി നോക്കി. പാത്തു പിടിവിടില്ലെന്നു തോന്നിയപ്പോൾ അവൾ പാത്തുവിനെ അടുത്തു വിളിച്ചിരുത്തി. സാധാരണ ഗതിയിൽ നാളത്തെ ദിവസത്തെ നോമ്പെടുക്കാമെന്ന ആ കരുതലിന് ഒരു രീതിയുണ്ട്. അറബിയിൽ പറയുന്നതു കൊണ്ട് അതു കേട്ടാൽ പാത്തുവിന് ഒന്നും മനസ്സിലാകില്ല എന്നുറപ്പുണ്ടായിരുന്നു. അവൾക്കൊരു സൂത്രം തോന്നി. നിയ്യത്തിന് പകരം അസ്സലൊരു ഉള്ളൂർ കവിത അങ്ങു ചൊല്ലിക്കൊടുക്കാമെന്നു കരുതി. വെറുതേ ഒരു രസം. 

‘പ്രപഞ്ച മുകുരം നമ്മുടെ രൂപം പ്രതിബിംബിപ്പിപ്പൂ
പ്രപഞ്ച കുഹരം നമ്മുടെ ശബ്ദം പ്രതിധ്വനിപ്പിപ്പൂ
പ്രപഞ്ചമസ്മദ് വചനാമ്രേഡന പണ്ഡിതമാം കീരം
പ്രപഞ്ചമസ്മൽ ഭാവവിഡംബന പാടവമാർന്ന നടൻ
പ്രപഞ്ചഭൂവിൽ വിതച്ച വിത്തിൻ ഫലത്തെ നാം കൊയ്‌വൂ
പ്രപഞ്ചമരുൾവൂ പട്ടും വെട്ടും പകരത്തിന് പകരം’

പാതിയുറക്കത്തിൽ അവളതു ചൊല്ലികൊടുത്തു. പാടുപെട്ട് പാത്തു അതേറ്റു ചൊല്ലി. ആത്മാർഥതയോടെ പ്രാർഥിച്ചു കിടന്നുറങ്ങി.

അന്നവൾക്ക് സ്കൂളുള്ള ദിവസമായിരുന്നു. പാത്തുവിനെ നോമ്പെടുക്കാൻ ആരും അനുവദിക്കില്ല എന്നാണ് അവൾ കരുതിയത്. അഥവാ എടുത്താലും ഉച്ചയോടെ കളയുമെന്നു കരുതി. തിരിച്ചു വരുമ്പോൾ തളർന്നു കിടക്കുമ്പോഴും നോമ്പെടുക്കുമെന്ന് ഉറപ്പിച്ചു പറയുന്ന.. ഒരു നോമ്പ് മുഴുവനായും എടുക്കാനായതിന്റെ സന്തോഷത്തിലിരിക്കുന്ന പാത്തുവിനെയാണ് കണ്ടത്. ഉമ്മൂമയടക്കം വീട്ടിലെല്ലാവരും അവളോട് സഹതപിക്കുന്നു. അവളുടെ ഉള്ളിൽ സങ്കടവും കുറ്റബോധവും കലർന്ന ഒന്നു പുകയാൻ തുടങ്ങി. സമയം 5.30 ആയിരിക്കുന്നു. എല്ലാവരും നോമ്പുമുറിക്കാൻ അവളെ നിർബന്ധിക്കുകയായിരുന്നു. 

ഒടുവിൽ അവൾ ചെന്ന് നിന്റെ നോമ്പ് ശരിയാകില്ലെന്നും ഞാൻ നിന്നെ പറ്റിച്ചതാണെന്നും നിയ്യത്ത് ശരിയായില്ലെന്നും അവളോട് പറഞ്ഞു. അവൾ വിശ്വസിക്കാൻ തയാറായില്ല. വിശ്വസിച്ചപ്പോഴാകട്ടെ, ഉറക്കാൻ കരയാൻ തുടങ്ങി. ഉമ്മൂമ അവളെ നല്ല വഴക്കു പറഞ്ഞു. എന്നിട്ട് പാത്തുവിനെ മടിയിലിരുത്തി പറഞ്ഞു. ‘നമ്മൾ നിയ്യത്തുവയ്ക്കുന്ന ഒരു  രീതിയുണ്ട്. അതു പോലെ നാവ് കൊണ്ട് പറയുന്നതാണ് ഉത്തമം. പക്ഷേ ഒരാൾ നാളെ നോമ്പെടുക്കാമെന്നു മനസ്സിൽ കരുതിയാൽ അതു തന്നെയാണ് നിയ്യത്ത്. അതു തന്നെ ധാരാളമാണ്. മോളത് മനസ്സിൽ കരുതിയില്ലേ. അതുകൊണ്ട് മോളുടെ നോമ്പ് ശരിയായിരിക്കുന്നു. മോളു കവിത ചൊല്ലുന്നതു പോലും പ്രാർഥനായായിട്ടില്ലേ? ദൈവം മനുഷ്യന്റെ മനസ്സിലേക്കാണു നോക്കുക. അതുകൊണ്ട് വിഷമിക്കേണ്ടാട്ടോ? ഇനി നോമ്പ് കളയുകയും വേണ്ട. ഉമ്മൂമ ആശ്വസിപ്പിച്ചു.

പാത്തുവിനോട് ഈ ദ്രോഹം ചെയ്യരുതായിരുന്നെന്നു പറഞ്ഞ് അവൾക്ക് കണ്ണുപൊട്ടുന്ന ചീത്തയും കേട്ടു!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com