ADVERTISEMENT

ചിറയിൻകീഴ് ∙ നിത്യഹരിത നായകൻ പ്രേംനസീറിന്റെ ജൻമനാട്ടിലെ മേൽവിലാസമായിരുന്ന ‘ലൈല കോട്ടേജ്’ വിൽപനയ്ക്ക്. 1956 ൽ ചിറയിൻകീഴ് കൂന്തള്ളൂരിൽ നസീർ മകൾ ലൈലയുടെ പേരിൽ നിർമിച്ച സ്വപ്നഗൃഹം അമേരിക്കയിലുള്ള അവകാശികളാണ് വിൽക്കാൻ തയ്യാറെടുക്കുന്നത്. പ്രേംനസീറിന്റെ ഇളയമകൾ റീത്തയുടെ മകൾ രേഷ്മയുടെ ഉടമസ്ഥതയിലാണ് 50 സെന്റിലുള്ള പഴയ ‘കൊട്ടാരം’. ചിറയിൻകീഴിലെ ആദ്യത്തെ ഇരുനിലമന്ദിരം ചലച്ചിത്ര നിർമാതാവ് പി.സുബ്രഹ്മണ്യത്തിന്റെ ചുമതലയിലാണ് നിർമിച്ചത് . 

ദേശീയപാതയിൽ കോരാണിയിൽ നിന്നു ചിറയിൻകീഴിലേക്കുള്ള പാതയോരത്ത് ഇരുനിലയിൽ 8 കിടപ്പുമുറികളുമായി തലയെടുപ്പോടെ നിൽക്കുന്ന വീടിനും വസ്തുവിനും കോടികൾ വിലവരും. ഭാര്യ ഹബീബ ബീവി, മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവർക്കൊപ്പം നസീർ താമസിച്ചിരുന്നത് ഈ വീട്ടിലാണ്. 

ഏറെക്കാലമായി പൂട്ടിയിട്ട വീട് ജീർണിച്ചു തുടങ്ങി. വാതിലുകളും ജനാലകളും ചിതൽ കയറി ദ്രവിച്ചു. വീട്ടുവളപ്പിൽ വള്ളിപ്പടർപ്പുകളും കുറ്റിക്കാടുകളും വളർന്ന നിലയിലാണ്. ‘പ്രേം നസീർ’ എന്നെഴുതിയ നെയിംബോർഡ് മാത്രം ഒളിമങ്ങാതെ ഭിത്തിയിലുണ്ട്. 

നസീർ വിടപറഞ്ഞിട്ട് 30 വർഷങ്ങൾ പിന്നിടുമ്പോഴും വീടന്വേഷിച്ചു വരുന്നവരുടെ എണ്ണം കുറവല്ലെന്നതിന് സ്പന്ദിക്കുന്ന സ്മരണകൾ സാക്ഷ്യം. പൂട്ടിയിട്ട ഗേറ്റിനു മുന്നിൽ നിന്നു സെൽഫിയെടുത്തു മടങ്ങുന്നവർ ഇപ്പോഴുമുണ്ട്. മഹാനടന്റെ ജന്മനാട്ടിലെ ഓർമയുടെ തുരുത്ത് നിലനിർത്താൻ സർക്കാരിന്റെ നടപടികൾ ഉണ്ടാവുമെന്ന പ്രതീക്ഷയും മങ്ങിത്തുടങ്ങി. വീടും സ്ഥലവും വില നൽകി സർക്കാർ ഏറ്റെടുത്തു സ്മാരകമാക്കണമെന്ന ആവശ്യവും എങ്ങുമെത്തിയില്ല. 

English Summary: Prem Nazir house for sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com