സിപിഎം തീരുമാനം പാർട്ടി കോൺഗ്രസ് പറഞ്ഞത് മറന്ന്
Mail This Article
ന്യൂഡൽഹി ∙ എൽഡിഎഫ് വിപുലീകരണം ഉദ്ദേശിക്കുന്നില്ല എന്ന് കേരളത്തിൽ സിപിഎം വ്യക്തമാക്കുമ്പോൾ പ്രത്യക്ഷത്തിൽ അത് കണ്ണൂർ പാർട്ടി കോൺഗ്രസിലെടുത്ത തീരുമാനത്തിനു വിരുദ്ധമാണ്. കേരളത്തിലും ബംഗാളിലും ത്രിപുരയിലും മുന്നണിയെ ശക്തിപ്പെടുത്തുകയോ വിപുലീകരിക്കുകയോ ചെയ്യാനുള്ള ചർച്ചയെന്നത് അടിയന്തര ദൗത്യമെന്നാണ് പാർട്ടി കോൺഗ്രസ് പാസാക്കിയ രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
കേരളത്തിൽ മുന്നണി വിപുലീകരണമല്ല, ആർഎസ്പിയുടെയും ഫോർവേഡ് ബ്ലോക്കിന്റെയും തിരിച്ചുവരവു മാത്രമാണ് താൽപര്യപ്പെടുന്നതെന്നാണ് നേതാക്കൾ പറയുന്നത്. ഈ പാർട്ടികളിലുള്ളവരെ ഇടതുപക്ഷത്തേക്കു തിരികെ കൊണ്ടുവരാൻ ശ്രമമുണ്ടാവും. തിരിച്ചുവരവിന് ഈ പാർട്ടികൾ തെറ്റുതിരുത്തണം, അഖിലേന്ത്യാ നിലപാടിലേക്ക് എത്തണം. രണ്ടു കക്ഷികളും യുഡിഎഫ് വിട്ടുവന്നാൽ അതിനെ വിപുലീകരണമെന്നു പറയാനാവില്ല. എന്നാൽ, ബംഗാളിലും ത്രിപുരയിലും കൂടുതൽ കക്ഷികളെ ഇടതുമുന്നണിയിലേക്കു കൊണ്ടുവരാനുള്ള ശ്രമമുണ്ടാവും.
1980 കളുടെ മധ്യത്തിൽ ഏറെ ചർച്ചചെയ്താണ് ലീഗിന്റെ കാര്യത്തിൽ നിലപാടെടുത്തതെന്ന് നേതാക്കൾ പറഞ്ഞു. ബിജെപി വളരുന്ന കാലമായിരുന്നു അത്. ലീഗിനെ ഇടതുമുന്നണിയുടെ ഭാഗമാക്കുന്നത് ബിജെപിയുടെ വളർച്ചയ്ക്കു സഹായകമാകുമെന്നും അപ്പോൾ എൽഡിഎഫ് ദുർബലപ്പെടുമെന്നുമാണ് അന്നു വിലയിരുത്തിയത്. ഇന്നും ആ സാഹചര്യത്തിനു മാറ്റമില്ല. പാർട്ടി തിരുത്തേണ്ടിവന്ന പരാമർശത്തിലൂടെ പുതിയ പദവിയിലേക്കുള്ള വരവ് അറിയിക്കുകയാണ് ജയരാജൻ ചെയ്തതെന്നാണ് ഒരു നേതാവു പറഞ്ഞത്.
പി.ശശിയുടെ നിയമനത്തെ, മറ്റു പലർക്കുള്ള സന്ദേശമെന്നാണ് നേതാക്കൾ വിശേഷിപ്പിക്കുന്നത്. അതായത്, തെറ്റു ചെയ്താൽ പാർട്ടി ശിക്ഷിക്കും. ശിക്ഷ അനുഭവിച്ച് തെറ്റുതിരുത്തി മടങ്ങിവരുമ്പോൾ സ്വീകരിക്കാനും പാർട്ടി തയാറാകും.
English Summary: CPM decison on ldf elaboration against cpm party congress