കെപിസിസിയിൽ നിന്ന് കെ.വി.തോമസിനെ ഒഴിവാക്കി; തൽക്കാലം പാർട്ടിയിൽ നിന്നു സസ്പെൻഷനില്ല
Mail This Article
ന്യൂഡൽഹി ∙ പാർട്ടിയുടെ വിലക്കു ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്ത മുതിർന്ന നേതാവ് കെ.വി.തോമസിനെ പാർട്ടിയുടെ പ്രധാന പദവികളിൽനിന്നു നീക്കാനുള്ള കോൺഗ്രസ് അച്ചടക്ക സമിതിയുടെ ശുപാർശ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. കെപിസിസി, രാഷ്ട്രീയകാര്യ സമിതി എന്നിവയിൽനിന്ന് തോമസ് ഇതോടെ പുറത്തായി.
മുതിർന്ന നേതാവാണെന്നതു പരിഗണിച്ചു തൽക്കാലം പാർട്ടിയിൽനിന്നു സസ്പെൻഷനില്ല. പകരം, താക്കീതു നൽകും. എഐസിസി അംഗത്വത്തിൽ നിന്നു നീക്കില്ല. സംഘടനാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എഐസിസി അംഗത്വം സാങ്കേതികം മാത്രമെന്നാണു വിശദീകരണം. എ.കെ.ആന്റണി അധ്യക്ഷനായ അഞ്ചംഗ അച്ചടക്ക സമിതിയാണ് ശുപാർശ നൽകിയത്. കെ.വി.തോമസ് നൽകിയ വിശദീകരണം സമിതി പരിശോധിച്ചു.
വ്യക്തമായ വിവരം ലഭിക്കുമ്പോൾ പ്രതികരിക്കാം: കെ.വി.തോമസ്
കൊച്ചി ∙ അച്ചടക്ക സമിതി ശുപാർശ സോണിയ ഗാന്ധി അംഗീകരിച്ചെന്നു മാധ്യമങ്ങളിൽ കണ്ട അറിവേ തനിക്കുള്ളൂയെന്നും വ്യക്തമായ വിവരം ലഭിക്കുമ്പോൾ പ്രതികരിക്കാമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ്. തനിക്കു നേരിട്ടു വിവരമൊന്നും ലഭിച്ചിട്ടില്ല. വ്യക്തമായി അറിയാത്ത കാര്യത്തെക്കുറിച്ചു പ്രതികരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പദവികളിൽ നിന്നു നീക്കം ചെയ്യുമെന്നാണു വാർത്തകളിൽ പറയുന്നത്. അതിനു മാത്രം എന്തു പദവിയാണ് എനിക്കുള്ളത്? സാങ്കേതികമായ ചില അംഗത്വങ്ങൾ മാത്രമാണുള്ളത്. എന്തായാലും പ്രാഥമിക അംഗത്വത്തിൽ നിന്നു നീക്കാൻ പറയുന്നില്ലല്ലോ? ഞാൻ നേരത്തേ പറഞ്ഞതു പോലെ കോൺഗ്രസുകാരനായി തുടരും. ഞാൻ ചെയ്ത തെറ്റെന്താണെന്ന് ഇപ്പോഴും അറിയില്ല. അദ്ദേഹം പറഞ്ഞു.
English Summary: AICC is set to take a call on the disciplinary action against K V Thomas