ADVERTISEMENT

സുഹൃത്തുക്കളുടെ പിറന്നാൾ, വീട്ടുമുറ്റത്തെ മാവ് കായ്ക്കൽ, വീടിനടുത്തെ പെട്ടിക്കടയിൽ പുതിയ മിഠായി കൊണ്ടുവന്നുവയ്ക്കൽ.. അങ്ങനെയങ്ങനെ കൊതിപ്പിക്കുന്ന എല്ലാ സന്തോഷങ്ങളും നോമ്പുകാലത്തിനു വേണ്ടി കാത്തു നിൽക്കുകയാണെന്നു പലപ്പോഴും അവൾക്ക് തോന്നാറുണ്ട്. കുറച്ചു കൂടി ചെറുതായിരിക്കുമ്പോൾ, മാങ്ങ ഇങ്ങനെ കൊഴിഞ്ഞു വീഴുമ്പോൾ അറിയാത്ത ഭാവത്തിൽ ഒന്നെടുത്തു കഴിക്കുകയും ആരെങ്കിലും കണ്ടാൽ അയ്യോ മറന്നുപോയി, മറന്നു കഴിച്ചാൽ നോമ്പു മുറിയില്ലല്ലോ എന്ന് ആശ്വസിച്ച്, നോമ്പു മുറിച്ചെന്ന് അംഗീകരിക്കാതെ കുറേ പട്ടിണി കിടന്നിട്ടുണ്ടവൾ .

ഒരിക്കൽ അവൾ ഇക്കാര്യം സഹോദരനോട് പറയുകയും ചെയ്തിട്ടുണ്ട്. അവനാകട്ടെ അതിലും വലിയ വിരുതൻ. നമസ്കരിക്കാൻ വേണ്ടി കയ്യും കാലും മുഖവുമെല്ലാം കഴുകി വൃത്തിയാക്കുമ്പോൾ (വുളുഅ്) ഇത്തിരി വെള്ളം മറവിയുടെ പേരിൽ അകത്താക്കുന്നതായിരുന്നു അവന്റെ രീതി. അങ്ങനെ എത്രയെത്ര ഗുരുത്വക്കേടുകൾക്ക് നോമ്പുകാലം സാക്ഷിയായിട്ടുണ്ടാകും. 

ഒരിക്കൽ കൂടെ പഠിച്ചിരുന്ന കുട്ടിയുടെ പിറന്നാൾ ദിവസം. അതിന്റെ ചോക്ലേറ്റ് നോമ്പിന്റെ പേരിൽ വൈകുന്നേരം വരെ കയ്യിൽ കൊണ്ടു നടക്കുകയും ക്ഷമ നശിച്ചപ്പോൾ ആരും കാണാതെ മറവിയുടെ പേരിൽ കഴിക്കുകയും ചെയ്തിട്ടുണ്ട്. അന്നതു പക്ഷേ ഉമ്മൂമ കയ്യോടെ പൊക്കി. ഒരു വലിയ ചോക്ലേറ്റ് മുഴുവൻ കഴിക്കുന്നതു വരെയും നോമ്പിനെക്കുറിച്ചോർത്തില്ല എന്നത് ഉമ്മൂമയ്ക്ക് അത്ര വിശ്വാസം പോരെന്നു തന്നെ. അവൾ കള്ളസത്യം പറയാൻ തുടങ്ങിയപ്പോഴാണ് ഉമ്മൂമ ദേഷ്യപ്പെട്ടത്. നോമ്പും നോറ്റിട്ട് ഇങ്ങനെ പച്ചക്കളം പറയുകയാണെങ്കിൽ പിന്നെന്തിന് നോമ്പെടുക്കണമെന്നായി ഉമ്മൂമ.

നോമ്പു പട്ടിണി കിടക്കൽ മാത്രമല്ലെന്നും അതിനൊപ്പം പാലിക്കേണ്ട മര്യാദകൾ, സംയമനങ്ങൾ, സഹനങ്ങൾ എല്ലാത്തിനെയും കുറിച്ച് ഉമ്മൂമ വിസ്തരിച്ചു പറഞ്ഞു. അവളുടെ ഉള്ളിൽ കുറ്റബോധം വളരാൻ തുടങ്ങി. നോമ്പുകാലത്ത് പലതവണ കാണിച്ചുപോയ കള്ളത്തരങ്ങളുടെ കഥ ഉമ്മൂമയോട് വിസ്തരിച്ചു. ഉമ്മൂമ അവളെ ആശ്വസിപ്പിച്ചു. പശ്ചാതാപത്തേക്കാൾ വലിയ ഒരു പ്രായശ്ചിത്തവുമില്ലെന്നോർമിപ്പിച്ച് ഉമ്മൂമ തിരക്കുകളിലേക്ക് മടങ്ങി. പറഞ്ഞുപോയ കള്ളങ്ങൾ, മുഴുവൻ നോമ്പും എടുത്തെന്ന പേരിൽ മുതിർന്നവർ തന്നെ സമ്മാനങ്ങൾ എല്ലാം അവളെ വല്ലാതെ കളിയാക്കുന്നതു പോലെ തോന്നി. അന്നു മുതലാണ് അവൾ നോമ്പിനോട് സത്യസന്ധത കാണിക്കാൻ തുടങ്ങിയത്.

രാവിലെ കയ്യിൽ കരുതുന്ന പിറന്നാൾ മിഠായിയെ നോമ്പുതുറ സമയം വരെയും കരുതാനുള്ള സംയമനം ഒരു തരത്തിൽ പ്രലോഭനങ്ങളോട് പൊരുതാനുള്ള കുഞ്ഞു കരുത്താകുകയായിരുന്നു. ഈ കനത്ത ചൂടിലും ഇത്തിരി വെള്ളമില്ലാതെ നോമ്പുകാരിയായി തുടരാൻ അവളെ പ്രാപ്തയാക്കിയതും അന്നത്തെ ഉമ്മൂമയുടെ ഉപദേശമാണ്. 

 

Content Highlights: Nombukadha, Ramadan special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com