ഭക്ഷണം പാഴാക്കരുതേ..
Mail This Article
വലിയ ഇഫ്താർ സംഗമങ്ങൾക്കു ശേഷം ബാക്കി വരുന്ന ഭക്ഷണം നിങ്ങളെന്തു ചെയ്യും? ഫ്രിജിൽ സൂക്ഷിച്ചുവച്ച് പിറ്റേന്ന് ചൂടാക്കി കഴിക്കുമോ? അതോ വലിയ കുഴിയെടുത്ത് കുഴിച്ചുമൂടുമോ? അവളുടെ വീട്ടിലും ഇതൊക്കെത്തന്നെയായിരുന്നു പതിവ്. ആ ദിവസത്തിനു മുൻപു വരെ.
ഒരു കല്യാണത്തിനു വേണ്ടത്രയും ആളുകളുണ്ടായിരുന്ന നോമ്പുതുറ ആയിരുന്നു അന്നവളുടെ വീട്ടിൽ. ഉമ്മൂമയുടെ മക്കളും പേരക്കുട്ടികളും സഹോദരങ്ങളും അവരുടെ മക്കളും മക്കളുടെ മക്കളുമെല്ലാം ചേർന്ന ഒരു നോമ്പുതുറ. ആവശ്യത്തിലേറെ ഭക്ഷണം. നോമ്പുകാരന്റെ വയറിന് അങ്ങനെ ഒരുപാടൊന്നും കഴിക്കാൻ സാധിക്കില്ല. അത കൊണ്ട് വലിയ അളവിൽ ഭക്ഷണം ബാക്കി വന്നു. പൊരിച്ചതും പഴവർഗങ്ങളും കോഴിയും പത്തിരിയുമെല്ലാം ബാക്കി. ഭക്ഷണം കഴിച്ചു കഴിഞ്ഞതും ബാക്കിയുള്ള ഭക്ഷണം കുഴിച്ചുമൂടാനുള്ള തിരക്കിലായി എല്ലാവരും. എന്തിനാ ഭക്ഷണം കളയുന്നതെന്ന് അവളുടെ സഹോദരൻ പലതവണ ചോദിച്ചു. വേറെന്തു ചെയ്യാനാണെന്നു ബാക്കിയുള്ളവരും. അയൽവീടുകളിലൊക്കെ കൊടുത്തതിനു ശേഷം ബാക്കിയുള്ളതായിരുന്നു അത്. ഒന്നു സ്വാദുനോക്കാൻ പോലും സാധിക്കാത്ത നിലയിലാണ് വയർ.
സഹോദരന്റെ സുഹൃത്ത് എത്ര എളുപ്പമാണ് അവിടേക്കു പാഞ്ഞുവന്നത്. കളയാനുദ്ദേശിച്ച ഭക്ഷ്യവസ്തുക്കൾ അദ്ദേഹം വലിയ കവറുകളിലാക്കി, വണ്ടിയുമെടുത്ത് എങ്ങോട്ടോ പോകാനൊരുങ്ങുകയാണ്. അവളുടെ കണ്ണുകളിലെ പുച്ഛം കണ്ടതുകൊണ്ടാകണം അവളോടും സഹോദരനോടും കൂടെ കയറാൻ ആവശ്യപ്പെട്ടു. അവരൊരുമിച്ചു ഭക്ഷണവുമായി പോയത് അവളുടെ വീട്ടിൽ നിന്നുമകലെയുള്ള ഒരു പറമ്പിലേക്കാണ്. അവിടെ താമസിക്കുന്ന ഒരു കൂട്ടം നാടോടികൾ. എല്ലുന്തിയ അവരുടെ കുഞ്ഞുങ്ങളുടെ ദേഹങ്ങളിലേക്കാണ് ആദ്യം അവളുടെ ശ്രദ്ധ പോയത്. ഭക്ഷണത്തിനായി അവർ കൈനീട്ടുന്നതു കണ്ട് അവളുടെ കണ്ണുകലങ്ങി. ഭക്ഷണം കണ്ടപ്പോൾ അവരുടെ കണ്ണിലുണ്ടായ തിളക്കം അവളെ വേദനിപ്പിച്ചു. അവരുടെ തിരക്കുകൂട്ടലുകൾ അവളെ അസ്വസ്ഥയാക്കി. അന്നുമുതലാണ്, നോമ്പിന്റെ പേരിൽ ഭക്ഷണം പാഴാക്കുന്നത് കൊടിയ പാപമാണ് എന്നവൾ പറഞ്ഞുതുടങ്ങിയത്. ഓരോ വറ്റിലും ഇന്നവൾ ആ കണ്ണുകളിലെ തിളക്കം കാണാറുണ്ട്. നോമ്പ് ആ തിളക്കം നമ്മിലെത്തിക്കാൻ കൂടിയാകട്ടെ!
Content Highlights: Nombukadha, Ramadan