ADVERTISEMENT

27ാം രാവ് കഴിഞ്ഞാൽ പിന്നെയങ്ങോട്ട് പെരുന്നാളിന്റെ തിരക്കാണ്. പുതുവസ്ത്രമെടുക്കണം, പലഹാരങ്ങളുണ്ടാക്കണം, മൈലാഞ്ചിയിടണം... അങ്ങനെയങ്ങനെ ഒത്തിരി ആലോചനകളുടെ തിരക്ക്. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോഴൊന്നും സാധനങ്ങൾ വാങ്ങാനെന്ന പേരിൽ കടകൾ കയറിയിറങ്ങാൻ അവൾക്ക് സാധിക്കുമായിരുന്നില്ല. വീട്ടിലെ മുതിർന്നവരാരെങ്കിലും പോയി വസ്ത്രവും വളയും മാലയുമെല്ലാം വാങ്ങിത്തരും. അതിടുകയല്ലാതെ മറ്റു വഴികളൊന്നും അന്ന് ആലോചനയിൽ കൂടിയില്ലാതിരുന്നത് കൊണ്ട് അതുതന്നെ വലിയ സന്തോഷമായിരുന്നു താനും. പിന്നെ കടയിലേക്ക് ഒരുമിച്ചു പോയി വസ്ത്രമെടുക്കുന്ന പതിവ് പതുക്കെ അവളുടെ വീട്ടിലേക്കും വന്നു. അങ്ങനെ ഇഷ്ടങ്ങളൊക്കെ വാങ്ങിക്കൂട്ടാൻ അവസരം ലഭിച്ചുതുടങ്ങിയപ്പോഴാണ് പഴയ ഒരു സന്തോഷത്തിന്റെ സുഖത്തെക്കുറിച്ച്  അവൾ ചിന്തിച്ചുതുടങ്ങിയത്.

നോമ്പിന്റെ തലേദിവസമാണ് അന്നൊക്കെ ‘വളക്കാര്’ വന്നു തുടങ്ങുന്നത്. കുപ്പിവളകളുമായാണ് അവർ വരിക. പലപ്പോഴും കൂട്ടത്തോടെയാണ് വരവ്. പലനിറത്തിലുള്ള കുപ്പിവളകൾ. പെരുന്നാൾ കുപ്പിവളകൾ അന്നൊക്കെ ഉമ്മൂമയുടെ സമ്മാനമായിരുന്നു. ആ സ്ത്രീകൾ പരസ്പരം വാദിച്ച് വില കുറയ്ക്കാനും കൂട്ടാനും മത്സരിക്കുന്നതു തന്നെ ഒരു കാഴ്ചയായിരുന്നു. കുപ്പിവളകളുടെ നിറങ്ങൾ പോലെ അവളെ കൊതിപ്പിച്ചിരുന്ന ഒന്ന്. കൈയിൽ കൊള്ളാവുന്നിടത്തോളം വളകൾ വാങ്ങും. അതു കയ്യിലിട്ടുതരുന്നതും ഈ സ്ത്രീകളാണ്.

ഉമ്മൂമയ്ക്ക് നന്നായി വിലപേശാൻ അറിയാം. ഉമ്മൂമ വാദിച്ചു വാദിച്ചു വില നന്നായി കുറപ്പിക്കും. അൽപം കരച്ചിലും പിഴിച്ചിലും നീരസവുമെല്ലാം പ്രകടിപ്പിച്ച് ആ സ്ത്രീകൾ വില കുറയ്ക്കും. വീട്ടിലെ എല്ലാ കുട്ടികളും കൈനിറയെ വളയിടും. അതിന്റെ തുക വാങ്ങി ആ സ്ത്രീകൾ വീടിന്റെ പടിക്കലേക്ക് നീങ്ങുമ്പോൾ ഉമ്മൂമ അവരെ തിരികെ വിളിക്കും. എന്നിട്ട് അൽപം പണം  നേരേ നീട്ടും. പകച്ചു നിൽക്കുന്ന അവരോട് കാലാകാലങ്ങളായി ഉമ്മൂമ പറയുന്നത് ഒരേ ഒരു  കാര്യമാണ്. ‘‘അതു കച്ചോടം! അതിൽ വിലപേശലും തർക്കവുമെല്ലാം ഉണ്ടാകാം. നഷ്ടത്തിൽ വാങ്ങാൻ ആരാ തയാറാകുക. പറ്റിക്കപ്പെടാൻ ഞാൻ നിന്നു കൊടുക്കില്ല ഒരിക്കലും. ഇതു സഹായമാണ്. എല്ലാവരും പെരുന്നാൾ ആഘോഷിക്കുമ്പോൾ നിങ്ങളും ആഘോഷിക്കണംട്ടോ!’’

ഉമ്മൂമ വാങ്ങിത്തരുന്ന കുപ്പിവള പോലെ തന്നെ കൗതുകമായിരുന്നു അവൾക്ക് ഉമ്മൂമയുടെ ഈ സ്വഭാവവും!

English Summary: Nombukadha-14

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com