സഹായത്തിന് 10 പേർ; സമ്പത്തിനും മറ്റും 20 മാസത്തിനിടെ ചെലവിട്ടത് 7.26 കോടി
Mail This Article
തിരുവനന്തപുരം ∙ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ 20 മാസം പ്രവർത്തിച്ച മുൻ എംപി എ.സമ്പത്തിനും സഹായിച്ച സംഘത്തിനുമായി സംസ്ഥാനം ചെലവിട്ടത് 7.26 കോടി രൂപ. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കു നിയമസഭയിൽ സർക്കാർ മറുപടി നൽകാൻ മടിക്കുമ്പോഴാണ് 2019–20, 2020–21 വർഷങ്ങളിലെ വരവു ചെലവു കണക്കുകളിൽനിന്നു വിവരം പുറത്തായത്.
2019-20 ൽ 3.85 കോടിയും 2020-21ൽ 3.41 കോടി രൂപയുമായിരുന്നു ചെലവ്. ലോക്സഭ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ അടൂർ പ്രകാശിനോടു തോറ്റതിനെ തുടർന്ന് സമ്പത്തിനെ 2019 ഓഗസ്റ്റിലാണ് കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കിൽ ഡൽഹിയിൽ നിയമിച്ചത്. കോവിഡ് വ്യാപനം അതിരൂക്ഷമായപ്പോഴാകട്ടെ തിരുവനന്തപുരത്തെ വസതിയിൽ ആയിരുന്നു. 4 പഴ്സനൽ സ്റ്റാഫിനെയാണു സഹായിക്കാനായി നിയോഗിച്ചത്. ദിവസ വേതനാടിസ്ഥാനത്തിൽ 6 പേരെയും നൽകി.
ഒന്നാം പിണറായി സർക്കാരിന്റെ കാലാവധി അവസാനിച്ചപ്പോൾ സമ്പത്ത് കേരളത്തിലേക്കു മടങ്ങി. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി.
ചെലവുകൾ ഇങ്ങനെ
ശമ്പളം: 4.62 കോടി
ദിവസ വേതനം 23.45 ലക്ഷം
യാത്രാ ചെലവുകൾ: 19.45 ലക്ഷം
ഓഫിസ് ചെലവുകൾ 1.13 കോടി
ആതിഥേയ ചെലവുകൾ 1.71 ലക്ഷം
വാഹന അറ്റകുറ്റപ്പണി: 1.58 ലക്ഷം
മറ്റു ചെലവുകൾ: 98.39 ലക്ഷം
ഇന്ധനം: 6.84 ലക്ഷം
English Summary: A. Sampath's expenditure as special representative of kerala