‘കോൺഗ്രസിന് തനിച്ച് മോദിയെ താഴെ ഇറക്കാനാകില്ല; മുന്നണിയെ നയിക്കും’
Mail This Article
തിരുവനന്തപുരം ∙ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു തനിച്ച് നരേന്ദ്ര മോദിയെ ഭരണത്തിൽനിന്ന് ഇറക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. ഐഎൻടിയുസി ദേശീയ പ്ലാറ്റിനം ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു പാർട്ടികളുമായി സഹകരിക്കാൻ കോൺഗ്രസ് ഒരുക്കമാണെന്നും ഉദയ്പുരിലെ ചിന്തൻ ശിബിരത്തിൽ ഇതിനുള്ള തന്ത്രം തയാറാക്കുമെന്നും ആന്റണി പറഞ്ഞു. പ്രതിപക്ഷമുന്നണിക്കു കോൺഗ്രസ് നേതൃത്വം നൽകും. കോൺഗ്രസ് ഇല്ലാതെ മോദിയെ താഴെയിറക്കാൻ പറ്റുമെന്നാണു ചില പാർട്ടികൾ വിചാരിക്കുന്നത്. അവരുടെ ലക്ഷ്യം വേറെയാണ്. ബിജെപിവിരുദ്ധത ആത്മാർഥമാണെങ്കിൽ അവർ ദേശീയതലത്തിൽ കോൺഗ്രസിനൊപ്പം നിൽക്കണമെന്നും ആന്റണി പറഞ്ഞു.
ബിജെപിയെ താഴെയിറക്കാൻ കോൺഗ്രസ് വേണ്ടെന്നു പറയുന്നവർ നാടിന്റെ ശത്രുക്കളാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ബിജെപിയെ എതിർക്കുന്നുവെന്നു നടിക്കുകയും മോദിക്കു ഭരിക്കാൻ എല്ലാ സാഹചര്യവും ഒരുക്കുകയുമാണ് ഇടതുപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഐഎൻടിയുസി ദേശീയ പ്രസിഡന്റ് ജി.സഞ്ജീവ റെഡ്ഡി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എംപിമാരായ ശശി തരൂർ, എം.കെ.രാഘവൻ, എംഎൽഎമാരായ എം.വിൻസന്റ്, റോജി എം.ജോൺ, മാത്യു കുഴൽനാടൻ, ഡിസിസി പ്രസിഡന്റുമാരായ പാലോട് രവി, ബി.ബാബു പ്രസാദ്, ഐഎൻടിയുസി ഭാരവാഹികളായ കെ.പി.ഹരിദാസ്, കെ.സുരേഷ്ബാബു, തമ്പി കണ്ണാടൻ, വി.ജെ.ജോസഫ്, വി.ആർ.പ്രതാപൻ, എം.പി.പത്മനാഭൻ, എം.രാഘവയ്യ, അശോക് സിങ്, സഞ്ജയ് സിങ്, അൽക്ക ക്ഷത്രിയ, ആർ.ഡി.ചന്ദ്രശേഖരൻ, കൃഷ്ണവേണി ജി.ശർമ എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധി എംപിയുടെയും സന്ദേശം ചടങ്ങിൽ വായിച്ചു.
ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി ഓഫിസായ കെ.കരുണാകരൻ സ്മാരക മന്ദിരം ജി.സഞ്ജീവ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ആർ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. എ.കെ.ആന്റണി, കെ.സുധാകരൻ, തെന്നല ബാലകൃഷ്ണപിള്ള, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പത്മജ വേണുഗോപാൽ, പി.സി.വിഷ്ണുനാഥ് എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.
നവംബറിൽ ഛത്തീസ്ഗഡിൽ നടക്കുന്ന പ്ലീനറി സമ്മേളനത്തിന്റെ അജൻഡ നിശ്ചയിക്കാൻ ഐഎൻടിയുസി പ്രവർത്തകസമിതി യോഗവും ചേർന്നു.
സതീശൻ പങ്കെടുത്തില്ല
ഐഎൻടിയുസി നേതൃത്വവുമായി ഉരസലിലായിരുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ തിരുവനന്തപുരത്തുണ്ടായിരുന്നെങ്കിലും സമ്മേളനത്തിൽ പങ്കെടുത്തില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടിയാലോചനകളിലായിരുന്നെന്നു പ്രതിപക്ഷനേതാവിന്റെ ഓഫിസ് അറിയിച്ചു.
English Summary: A.K. Antony speech during intuc conference inauguration