ADVERTISEMENT

തിരുവല്ല ∙ ചിരിക്കാൻ മറന്നു പോയ ഒരു തലമുറയെ നർമത്തിന്റെ പൊന്നാടയണിയിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഒരുനൂറ്റാണ്ടിന്റെ ജീവിതയാത്ര പൂർത്തിയാക്കി വിട ചൊല്ലിയിട്ട് നാളെ ഒരു വയസ്സ്. 2021 മേയ് 5ന് 104–ാം വയസ്സിലാണ് അദ്ദേഹം കാലം ചെയ്തത്.

വലിയ മെത്രാപ്പെ‍ാലീത്തയുടെ പ്രസംഗങ്ങൾ നാലു തലമുറയ്ക്ക് ചിരിക്കെ‍ാപ്പം ചിന്തയും സമ്മാനിച്ചവയാണ്. കുട്ടിക്കാലത്തു മാരാമൺ കൺവൻഷനിൽ പോയിരുന്നതു പ്രസംഗം കേൾക്കാനല്ല, ആൾക്കൂട്ടത്തെയും തിരുമേനിമാരെയും കാണാനായിരുന്നു എന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം പറഞ്ഞിട്ടുണ്ട്. പമ്പാനദിയുടെ മണൽപരപ്പിലൂടെ തുള്ളിച്ചാടി നടന്ന ധർമിഷ്‌ഠൻ എന്ന ബാലൻ പിന്നീടു മാരാമൺ കൺവൻഷനു നേതൃത്വം നൽകുന്ന മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനും വലിയ മെത്രാപ്പെ‍ാലീത്തയുമായി. 101–ാം വയസ്സിലും മാരാമൺ മണപ്പുറത്തെ പന്തലിലെത്താനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. 

വേദികൾക്കെന്നും പ്രിയങ്കരനായിരുന്നു വലിയ മെത്രാപ്പൊലീത്ത. സാധാരണ ഗ്രാമീണനെ പോലെ ചിരിച്ച് ചെറിയ കാര്യങ്ങൾ കെ‍ാച്ചുവാക്കുകളിൽ അദ്ദേഹം വചനം പറഞ്ഞു. പ്രസംഗത്തിൽ മാത്രമല്ല പ്രവൃത്തിയിലും മാർ ക്രിസോസ്‌റ്റം വ്യത്യസ്‌തനായിരുന്നു. റെയിൽവേ കോളനിയിൽനിന്നു കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭവനം നിർമിക്കാനായി തിരുവല്ലയിലെ വിവിധ ക്രൈസ്‌തവ സഭാ നേതാക്കളെയും സംഘടനകളെയും ഉൾപ്പെടുത്തി ‘ലാൻഡ്‌ലെസ് ആൻഡ് ഹോംലെസ് പദ്ധതി’ ആവിഷ്‌കരിച്ചതടക്കം ഒട്ടേറെ കരുണ്യപ്രവർത്തികൾ. 

ഇന്ത്യയിലെ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന അപൂർവ നേട്ടത്തിന് ഉടമയായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു. ദൈവം സംസാരിക്കുന്ന വഴികളിലൊന്നായിരുന്നു മാർ ക്രിസോസ്റ്റം. മനുഷ്യന്റെ നിസ്സാരങ്ങളായ അഹന്തകളെയും വലിയ സംശയങ്ങളെയുമെല്ലാം ഒപ്പം നടന്ന് ചിരിപ്പിച്ചുകൊണ്ടു പരിഹരിക്കുകയായിരുന്നു ഒരു നൂറ്റാണ്ടിലേറെ നീണ്ട ജീവിതത്തിലൂടെ...

 

English Summary: Philipose Chrysostom death Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com