ADVERTISEMENT

കൊച്ചി ∙ നടി മഞ്ജു വാരിയരെ പിന്തുടർന്നു ബുദ്ധിമുട്ടു സൃഷ്ടിച്ചതായുള്ള കേസിൽ അറസ്റ്റിലായ സംവിധായകൻ സനൽകുമാർ ശശിധരന് ആലുവ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. ഇന്നലെ ചോദ്യംചെയ്യൽ പൂർത്തിയാക്കി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കാൻ എളമക്കര പൊലീസ് തീരുമാനിച്ചിട്ടും അതിനു തയാറാകാതെ കോടതിയിൽ ഹാജരാക്കാൻ സനൽകുമാർ ആവശ്യപ്പെടുകയായിരുന്നു. രണ്ടു ജാമ്യക്കാരുടെ ഉറപ്പിൽ സനൽകുമാറിനെ കോടതി വിട്ടയച്ചു. 

പൊലീസ് വാഗ്ദാനം ചെയ്ത സ്റ്റേഷൻ ജാമ്യം വേണ്ടെന്നു വച്ചു കോടതിയിൽ എത്തിയതു മഞ്ജുവിനും തനിക്കും ജീവനു ഭീഷണിയുണ്ടെന്ന വിവരം തെളിവു സഹിതം കോടതിയെ ധരിപ്പിക്കാനാണെന്നു സനൽ പറയുന്നു. എന്നാൽ പരാതി എഴുതി നൽകാനാണു സനലിനു ലഭിച്ച നിയമോപദേശം. സനൽ മാധ്യമങ്ങളോട് പറഞ്ഞത്: ‘എനിക്കെതിരെ വ്യാജപരാതി നൽകിയതു മഞ്ജു വാരിയർ ആണോയെന്നു സംശയമുണ്ട്. മഞ്ജുവിനെ ആരെങ്കിലും ബ്ലാക്മെയിൽ ചെയ്യുന്നുണ്ടോയെന്ന് അന്വേഷിക്കണം.

മഞ്ജു വാരിയരോടു പ്രണയാഭ്യർഥന നടത്തിയെന്നതു സത്യമാണ്. മഞ്ജുവിനു ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കും വിധം അവരുടെ മാനേജർ കള്ളക്കസ് ചമയ്ക്കുകയാണ്. മഞ്ജുവിനെ അവർ അകപ്പെട്ട ദൂഷിതവലയത്തിൽ നിന്നു മോചിപ്പിക്കാനാണു സ്വയം അപമാനിതനാകാൻ തീരുമാനിച്ചത്. പൊലീസ് പിടികൂടിയപ്പോൾ നിലവിളിച്ചതിനെ പലരും പരിഹസിക്കുന്നു. നിലവിളി നിരായുധന്റെ ഏറ്റവും ശക്തമായ ആയുധമാണ്.

മുഴുവൻ വിവരങ്ങളും വിശദീകരിച്ചു രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർക്കു കത്ത് എഴുതിയിട്ടുണ്ട്.  ഇക്കാര്യം പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽപെടുത്തിയ തന്നെ ഭീകരപ്രവർത്തകനെ പോലെ അറസ്റ്റ് ചെയ്ത നടപടിയെ അപലപിക്കുന്നു. പൊലീസ് അന്വേഷിച്ചു സത്യം പുറത്തുകൊണ്ടുവരുമെന്നാണു പ്രതീക്ഷ. പൊലീസിനെക്കുറിച്ചു പരാതിയില്ല’.

2019 ഓഗസ്റ്റ്  മുതൽ സനൽകുമാർ പരാതിക്കാരിയോടു ഇമെയിൽ വഴിയും സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും സുഹൃത്തുക്കളും ബന്ധുക്കളും വഴിയും നിരന്തരമായി പ്രണയാഭ്യർഥന നടത്തിയതു നിരസിച്ചതിലുള്ള വിരോധം കാരണം പിന്തുടർന്നു ശല്യപ്പെടുത്തിയെന്ന കുറ്റത്തിനാണു പൊലീസ് കേസെടുത്തത്.

English Summary: Director Sanal Kumar Sasidharan Granted Bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com