മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ ബിഷപ്പുമാർ
Mail This Article
തിരുവനന്തപുരം ∙ മലങ്കര കത്തോലിക്കാ സഭയ്ക്കു പുതിയ രണ്ടു മെത്രാന്മാരെയും ഗുഡ്ഗാവ് ഭദ്രാസനത്തിനു പുതിയ അധ്യക്ഷനെയും നിയമിച്ചു.
സഭയുടെ കാതോലിക്കേറ്റ് സെന്ററിൽ സുവിശേഷ സംഘത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിക്കുന്ന ഫാ.ഡോ. ആന്റണി കാക്കനാട്ടിനെ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയായുടെ മെത്രാനായി സുന്നഹദോസ് തിരഞ്ഞെടുത്തു.
തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ മുഖ്യ വികാരി ജനറൽ മോൺ.ഡോ. മാത്യു മനക്കരക്കാവിൽ കോറെപ്പിസ്കോപ്പയെ മേജർ അതിഭദ്രാസനത്തിന്റെ സഹായ മെത്രാനായും നിയമിച്ചു.
ഡൽഹിയിലെ ഗുഡ്ഗാവ് സെന്റ് ക്രിസോസ്റ്റം ഭദ്രാസനത്തിന്റെ പുതിയ മെത്രാനായി പുണെയിലെ കട്കി സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ മെത്രാൻ ഡോ. തോമസ് മാർ അന്തോണിയോസിനെ മാറ്റി നിയമിച്ചു.അദ്ദേഹം പുണെ–കട്കി സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ അഡ്മിനിസ്ട്രേറ്ററുടെ ചുമതലയും വഹിക്കും.
പുതിയ ബിഷപ്പുമാരുടെ മെത്രാഭിഷേകം ദൈവദാസൻ മാർ ഇവാനിയോസിന്റെ ഓർമപ്പെരുന്നാൾ ദിനമായ ജൂലൈ 15നു പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും. ഡോ.തോമസ് മാർ അന്തോണിയോസിന്റെ സ്ഥാനാരോഹണം ജൂൺ 30നു ഡൽഹിയിലാണ്.
പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായുടെ സാന്നിധ്യത്തിൽ സുന്നഹദോസ് സെക്രട്ടറി ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം വായിച്ചത്. വത്തിക്കാനിലും ഇന്ത്യൻ സമയം വൈകിട്ട് 3.30നു പ്രഖ്യാപനം നടന്നു.
നിയുക്ത മെത്രാന്മാരെ കാതോലിക്കാ ബാവായും ബിഷപ്പുമാരും ചേർന്നു സ്ഥാന ചിഹ്നങ്ങൾ അണിയിച്ചു. തുടർന്നു ബാവായും ബിഷപ്പുമാരും പുതിയ മെത്രാൻമാരും ചേർന്നു പ്രാർഥന പൂർത്തിയാക്കി.
സാമുവൽ മാർ ഐറേനിയസ്, തോമസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, വിൻസന്റ് മാർ പൗലോസ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജേക്കബ് പുന്നൂസ്, ജോൺ മത്തായി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ക്ലീമീസ് ബാവായുടെ നേതൃത്വത്തിൽ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ സഭയിലെ വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും സംബന്ധിച്ചു.
∙ ഫാ.ഡോ. ആന്റണി കാക്കനാട്ട് മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയായുടെ മെത്രാൻ; മോൺ.ഡോ. മാത്യു മനക്കരക്കാവിൽ കോറെപ്പിസ്കോപ്പ മേജർ അതിഭദ്രാസനത്തിന്റെ സഹായമെത്രാൻ
∙ ഗുഡ്ഗാവ് ഭദ്രാസനത്തിന് പുതിയ അധ്യക്ഷൻ
English Summary: New Bishops for Malankara catholic church