മലയാളം ലിപി പരിഷ്കരണം ഉടൻ; ഉത്തരവായി
Mail This Article
തിരുവനന്തപുരം∙ മലയാളം ലിപി പരിഷ്കരണം ഉടൻ പ്രാബല്യത്തിൽ വരുമെന്നു സർക്കാർ ഉത്തരവ്. പരിഷ്കരിച്ച ലിപിയും ഏകീകരിച്ച ഭാഷാ പ്രയോഗ രീതിയും എല്ലാ മേഖലകളിലും നടപ്പാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതോടെ, 1971 ലെ ലിപി പരിഷ്കരണ റിപ്പോർട്ടിലെ നിർദേശങ്ങളെല്ലാം റദ്ദാക്കി.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഭാഷാ വിദഗ്ധർ ഉൾപ്പെട്ട സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ലിപി പരിഷ്കരണം നടപ്പാക്കുന്നത്. ഈ റിപ്പോർട്ടിലെ നിർദേശങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി കഴിഞ്ഞ മാസം അംഗീകരിച്ചിരുന്നു.
മലയാളം ലിപികൾ ഇനി ഭാഗികമായി പഴയ രീതിയിലേക്കു മാറും. അതേസമയം അക്ഷരങ്ങൾക്കൊപ്പം ‘ഉ’, ‘ഊ’ എന്നിവ ചേർക്കാൻ ‘ു’ , ’ൂ’ എന്നിങ്ങനെ പുതിയ ശൈലി മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട് . അക്ഷരങ്ങൾ പിരിച്ചെഴുതേണ്ട ആവശ്യമില്ലാത്ത സന്ദർഭങ്ങളിൽ കൂട്ടക്ഷരങ്ങൾ ചന്ദ്രക്കലയിട്ടു പിരിച്ചെഴുതാതെ പരമാവധി ചേർത്തെഴുതുകയും വേണം. ഇതോടെ കൂട്ടക്ഷര ലിപികൾ 65 എണ്ണമായി വർധിക്കും. നിലവിൽ പല രീതിയിൽ എഴുതുന്ന വാക്കുകൾക്കു പൊതു രൂപവും നിർദേശിച്ചിട്ടുണ്ട്.
മലയാളം അക്ഷരമാല പ്രത്യേകം നൽകും
മലയാളം അക്ഷരമാല പ്രത്യേകമായി പ്രൈമറി വിദ്യാർഥികൾക്കു പുതിയ അധ്യയന വർഷത്തിൽ നൽകുമെന്ന് എസ്‌സിഇആർടി അറിയിച്ചു. ഇതിനു നടപടി തുടങ്ങി. പാഠപുസ്തകങ്ങളിൽ വീണ്ടും അക്ഷരമാല ഉൾപ്പെടുത്തണമെന്ന നിർദേശം നേരത്തേ അംഗീകരിച്ചിട്ടുണ്ടെങ്കിലും അടുത്ത അധ്യയന വർഷത്തെ പാഠപുസ്തക അച്ചടി കഴിഞ്ഞു.
English Summary: Malayalam script revision soon