വിസ്മയ കേസ്: ശിക്ഷ 10 വർഷം; 12.55 ലക്ഷം രൂപ പിഴ, ഇതിൽ 4 ലക്ഷം വിസ്മയയുടെ മാതാപിതാക്കൾക്ക്
Mail This Article
കൊല്ലം ∙ സ്ത്രീധന പീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർഥി വിസ്മയ (24) ജീവനൊടുക്കിയ കേസിൽ ഭർത്താവ് എസ്.കിരൺകുമാറിന് (31) പത്ത് വർഷം കഠിനതടവ്. വിവിധ വകുപ്പുകളിലായി ആകെ 25 വർഷം കഠിന തടവും 12.55 ലക്ഷം രൂപ പിഴയും വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം ജയിലിൽ കിടന്നാൽ മതി. പിഴ അടച്ചില്ലെങ്കിൽ 27 മാസവും 15 ദിവസവും കൂടി തടവ് അനുഭവിക്കണം.
സ്ത്രീധന മരണത്തിന്റെ പേരിലാണ് (ഐപിസി 304 ബി) കൂടിയ ശിക്ഷയായ 10 വർഷം കഠിന തടവ്. പിഴത്തുകയിൽനിന്ന് 2 ലക്ഷം രൂപ വീതം വിസ്മയയുടെ മാതാപിതാക്കൾക്കു നൽകണമെന്നും കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.സുജിത്ത് ഉത്തരവിട്ടു. സ്ത്രീധന നിരോധന നിയമ പ്രകാരം ഇത്രയും വലിയ പിഴ വിധിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്.
കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെത്തുടർന്നു കിരൺകുമാറിനെ കഴിഞ്ഞ ദിവസം ജാമ്യം റദ്ദാക്കി ജില്ലാ ജയിലിലേക്കു മാറ്റിയിരുന്നു. ഇന്നു തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു കൊണ്ടുപോകും. വിധി കേൾക്കാൻ വിസ്മയയുടെ പിതാവ് കെ.ത്രിവിക്രമൻനായരും ബന്ധുക്കളും എത്തിയിരുന്നു. കിരൺകുമാറിന്റെ ചില ബന്ധുക്കളും കോടതി വളപ്പിലുണ്ടായിരുന്നു.
ശിക്ഷയെക്കുറിച്ചു വല്ലതും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനു ‘മാതാപിതാക്കൾ രോഗികളും പ്രായമുള്ളവരുമാണെന്നും അവർക്കു താൻ മാത്രമാണു ആശ്രയമെന്നതിനാൽ കനിവുണ്ടാകണം’ എന്നുമായിരുന്നു കിരൺകുമാറിന്റെ അപേക്ഷ. ശിക്ഷ വിധിക്കുന്നത് സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ കൂടിയാണെന്നും അതിനാൽ സമൂഹത്തിനു മാതൃകയാകുന്ന ശിക്ഷ വേണമെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് വാദിച്ചു. ഐപിസി 304(ബി) പ്രകാരം ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാമെങ്കിലും ഈ കേസിൽ അതിന്റെ ആവശ്യമില്ലെന്നും സൂര്യനു കീഴിലെ ആദ്യ സ്ത്രീധനപീഡന മരണമല്ല ഇതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകരായ നീരാവിൽ അനിൽ കുമാർ, ബി.അനിൽ, എസ്.ഹരികുമാർ എന്നിവരും ഹാജരായി.
നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ (സീ വില്ല) കെ.ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകൾ വിസ്മയ കഴിഞ്ഞ ജൂൺ 21നാണു ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. 2020 മേയ് 30 നായിരുന്നു പോരുവഴി ശാസ്താനട ചന്ദ്രാലയത്തിൽ കിരൺകുമാറുമായുള്ള വിവാഹം.
ചുമത്തിയ വകുപ്പുകളും ശിക്ഷയും
∙ സ്ത്രീധന മരണം (ഐപിസി 304 ബി)– 10 വർഷം കഠിനതടവ്.
∙ ആത്മഹത്യാ പ്രേരണ (306)– 6 വർഷം കഠിനതടവ്, 2 ലക്ഷം രൂപ പിഴ. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവ്.
∙ സ്ത്രീധന പീഡനം (498–എ) – 2 വർഷം കഠിനതടവ്, 50,000 രൂപ പിഴ. പിഴ അടച്ചില്ലെങ്കിൽ 3 മാസം കൂടി കഠിന തടവ്.
∙ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് 3 (സ്ത്രീധനം ആവശ്യപ്പെടൽ)– 6 വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 18 മാസം കൂടി കഠിന തടവ്.
∙ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് 4 (സ്ത്രീധനം വാങ്ങൽ)– ഒരു വർഷം കഠിന തടവ്. 5,000 രൂപ പിഴ. പിഴ അടച്ചില്ലെങ്കിൽ 15 ദിവസം കൂടി കഠിന തടവ്.
English Summary: Kollam Vismaya Case: Kiran sentenced to 10 years' jail term