ബിജെപിക്ക് കെട്ടിവച്ച കാശു പോയി; ഒരു ബൂത്തിലും മുന്നിലെത്തിയില്ല
Mail This Article
കൊച്ചി ∙ ബിജെപിക്കു കെട്ടിവച്ച കാശുപോയി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ മത്സരിച്ചിട്ടും 9.57 % വോട്ടു നേടാനേ പാർട്ടിക്കു കഴിഞ്ഞുള്ളു. പോൾ ചെയ്ത വോട്ടിന്റെ ആറിലൊന്നു നേടിയാലേ കെട്ടിവച്ച കാശു ലഭിക്കൂ. അതിന് 22,558 വോട്ട് വേണം. കിട്ടിയതാവട്ടെ 12,957 വോട്ട്. 2021ലും പാർട്ടിക്കു കെട്ടിവച്ച കാശു പോയിരുന്നു. ഇക്കുറി അന്നത്തേതിലും 2526 വോട്ട് കുറഞ്ഞു. യുഡിഎഫ് 53.76% വോട്ട് വിഹിതത്തോടെ 12,931 വോട്ട് അധികം നേടി. എൽഡിഎഫും 2244 വോട്ട് അധികം നേടി; വോട്ട് വിഹിതം 35.28%.
ഒരു ബൂത്തിലും മുന്നിലെത്താതെ ബിജെപി
തിരുവനന്തപുരം/ കൊച്ചി ∙ കഴിഞ്ഞതവണ നാലു ബൂത്തിൽ ഒന്നാമതും 11 ബൂത്തിൽ രണ്ടാമതും എത്തിയ ബിജെപി ഇക്കുറി ഒരിടത്തുപോലും ഒന്നാമതു വന്നില്ല. 2016ൽ 15 ശതമാനവും 2021ൽ 11.34 ശതമാനവും നേടിയ പാർട്ടിക്ക് ഇക്കുറി 9.57% വോട്ടു മാത്രം. മുതിർന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.എൻ.രാധാകൃഷ്ണൻ മത്സരിച്ചിട്ടും കഴിഞ്ഞ തവണത്തെക്കാൾ 2526 വോട്ട് കുറഞ്ഞു.
കെട്ടിവച്ച കാശു നഷ്ടമായതിന്റെ ജാള്യം സംസ്ഥാന ഘടകത്തിൽ പൊട്ടിത്തെറിക്കു കാരണമാകും. കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും നയിക്കുന്ന വിഭാഗത്തിന്റേതായി സ്ഥാനാർഥി നിർണയ ഘട്ടത്തിൽ ഉയർന്നുവന്ന പേരു ജില്ലയിൽനിന്നുള്ള മഹിളാ മോർച്ച യുവ നേതാവിന്റേതായിരുന്നു. പരിചയസമ്പത്തിന്റെ പേരിൽ സ്ഥാനാർഥിത്വം എ.എൻ.രാധാകൃഷ്ണനു മേൽ സുരേന്ദ്രൻ പക്ഷം കെട്ടിവച്ചെന്ന കുറ്റപ്പെടുത്തലും തുടങ്ങിയിട്ടുണ്ട്.
പാർട്ടിയിലെ ഗ്രൂപ്പിസം പ്രചാരണത്തിൽ പ്രതിഫലിക്കാതിരിക്കാൻ സംസ്ഥാന നേതൃത്വം കിണഞ്ഞു പരിശ്രമിച്ചിരുന്നു. ബിജെപിയുടെ മുതിർന്ന നേതാക്കളെല്ലാം മണ്ഡലത്തിൽ നിറഞ്ഞുനിന്നു പ്രവർത്തിച്ചെങ്കിലും അതൊന്നും വോട്ടായില്ല. ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രനെ വരെ പ്രചാരണത്തിനു കൊണ്ടുവന്നു.
പി.സി.ജോർജിന്റെ ‘പ്രകടനങ്ങൾ’ പ്രയോജനം ചെയ്യുമെന്നു വിചാരിച്ചെങ്കിലും ഏശിയില്ല. കൊച്ചി കോർപറേഷനിലും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലും ലഭിച്ച ഉപതിരഞ്ഞെടുപ്പു വിജയങ്ങൾ തൃക്കാക്കരയിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷ പാഴായി. പാർട്ടിയുടെ സാധ്യതാ ലിസ്റ്റിൽ ‘സി’ ക്ലാസ് മണ്ഡലമാണ് തൃക്കാക്കര എന്നതിനാൽ പ്രതീക്ഷ പുലർത്തിയില്ലെന്നാണു നേതാക്കൾ ഇപ്പോൾ വിശദീകരിക്കുന്നത്.
Engish Summary: NDA Candidate AN Radhakrishnan loses security deposit in Thrikkakara bypoll