പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം: കുറ്റപത്രക്കെട്ടുകൾ കോടതിയിൽ ഹാജർ
Mail This Article
കൊല്ലം ∙ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസിൽ കുറ്റപത്രത്തിന്റെ പകർപ്പുകൾ പരവൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കി. വിചാരണ നേരിടുന്ന 51 പ്രതികൾക്കു നൽകുന്നതിനായി 51 കെട്ടുകളാണു ഹാജരാക്കിയത്. ഓരോ കെട്ടും 13.5 കിലോഗ്രാം വീതമുണ്ട്. 51 കെട്ടുകളിലായി ആകെ 2.09 ലക്ഷം പേജ്. കുറ്റപത്രം 10,855 പേജുകൾ വീതമാണെങ്കിലും ഇതിൽ 4022 പേജ് വീതം സൗജന്യമായി നൽകാമെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ ഉറപ്പു നൽകിയിരുന്നു. ഇത്രയും പേജിന്റെ പകർപ്പുകളാണ് ഇപ്പോൾ ഹാജരാക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽ നിന്ന് പൊലീസ് സംഘം 2 ജീപ്പുകളിലാണു കുറ്റപത്രം എത്തിച്ചത്. ഓരോ പ്രതിക്കും 10,855 പേജിന്റെയും പകർപ്പ് നൽകണമെന്ന പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതെത്തുടർന്നാണ് 4022 പേജ് വീതം കോടതിയിൽ ഹാജരാക്കിയത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാകും ബാക്കി പേജുകളുടെ കാര്യത്തിൽ തീരുമാനം.
വിചാരണയ്ക്കു പ്രത്യേക കോടതി ഹൈക്കോടതി അനുവദിക്കുകയും തസ്തിക സൃഷ്ടിക്കാൻ സർക്കാർ തീരുമാനം എടുക്കുകയും ചെയ്തിട്ടുണ്ട്. വിചാരണ തുടങ്ങിയാൽ മുടങ്ങാതെ നടക്കും. കേസിൽ 59 പ്രതികൾ ഉണ്ടെങ്കിലും 8 പേർ ജീവിച്ചിരിപ്പില്ല. 2016 ഏപ്രിൽ 10നു പുലർച്ചെ 3.30ന് ആയിരുന്നു. വെടിക്കെട്ട് ദുരന്തം. 110 പേർ മരിച്ചു. 750 ലേറെ പേർക്കു പരുക്കേറ്റു.
English Summary: Puttingal blast charge sheet