ഒറ്റത്തണ്ടപ്പേർ എടുക്കാൻ ഒരു വർഷം സമയം
Mail This Article
തിരുവനന്തപുരം ∙ ഭൂരേഖകൾ ആധാറുമായി ബന്ധിപ്പിച്ച് ഒറ്റത്തണ്ടപ്പേർ എടുക്കുന്നതിന് ഒരു വർഷത്തെ സമയം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 2023 ജൂൺ 15 വരെ ഓൺലൈനായോ വില്ലേജ് ഓഫിസിൽ എത്തിയോ ഒറ്റത്തണ്ടപ്പേർ എടുക്കാം.
ഒരാളുടെ ഉടമസ്ഥതയിൽ ഒന്നിലേറെ തണ്ടപ്പേരുകളിലും പല വില്ലേജുകളിലുമുള്ള ഭൂമിയുടെ വിവരങ്ങൾ ഒറ്റത്തണ്ടപ്പേരിലേക്കു മാറ്റുന്നതാണ് റവന്യു വകുപ്പ് തുടക്കമിട്ട യുണീക് തണ്ടപ്പേർ പദ്ധതി. ഇതിനുള്ള മാർഗനിർദേശങ്ങൾ റവന്യു വകുപ്പ് പുറത്തിറക്കി.
www.revenue.kerala.gov.in വെ ബ്സൈറ്റിൽ നേരിട്ടു റജിസ്റ്റർ ചെയ്ത് ഒറ്റത്തണ്ടപ്പേർ നേടാം. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ഇതിനായി ഉപയോഗിക്കാം. വില്ലേജ് ഓഫിസിൽ നേരിട്ടെത്തി ഒടിപി ഉപയോഗിച്ചോ ബയോമെട്രിക് സംവിധാനത്തിൽ വിരലടയാളം പതിപ്പിച്ചോ തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കാം. അപേക്ഷ വില്ലേജ് ഓഫിസർ അംഗീകരിക്കുന്ന മുറയ്ക്ക് 12 അക്ക യുണീക് തണ്ടപ്പേർ അനുവദിക്കും.
ഒറ്റത്തണ്ടപ്പേർ അനുവദിച്ചാൽ അത് ആധാരത്തിൽ രേഖപ്പെടുത്തും. ആധാർ നമ്പർ ഇല്ലാത്തവർക്ക് നിലവിലെ തണ്ടപ്പേർ തുടരാം. ആധാർ നമ്പർ ലഭിക്കുന്ന മുറയ്ക്ക് തണ്ടപ്പേരുമായി ബന്ധിപ്പിക്കും.
നിലവിൽ തണ്ടപ്പേർ പകർപ്പിന് ഈടാക്കുന്ന തുക തന്നെ യുണീക് തണ്ടപ്പേർ പകർപ്പിനും ഈടാക്കും. യുണീക് തണ്ടപ്പേർ നിലവിലുള്ള കേസുകളിൽ ഭൂമിയുടെ റജിസ്ട്രേഷൻ സമയത്ത് അതു രേഖപ്പെടുത്തി നൽകും. റവന്യു, റജിസ്ട്രേഷൻ വകുപ്പുകൾ ഇതിനു നടപടി സ്വീകരിക്കും.
English Summary: Unique Thandaper