ആപ്പിളിനെ ‘തിരുത്തി’ അനന്തകൃഷ്ണൻ; ഹാൾ ഓഫ് ഫെയിമിൽ ഇടംപിടിച്ചു
Mail This Article
ആലപ്പുഴ ∙ ആപ്പിളിന്റെ ഹാൾ ഓഫ് ഫെയിമിൽ ഇടംപിടിച്ച് ആലപ്പുഴ മങ്കൊമ്പ് സ്വദേശി. ആപ്പിളിന്റെ ക്ലൗഡ് സേവനമായ ഐക്ലൗഡ് സെർവറിലെ സുരക്ഷാവീഴ്ച കണ്ടെത്തിയാണ് കെ.എസ്.അനന്തകൃഷ്ണൻ നേട്ടം കൊയ്തത്.ഐക്ലൗഡ് ഇമെയിലിൽ ഉപയോക്താക്കളെ ബാധിക്കുന്ന സുരക്ഷാ വീഴ്ചയുണ്ടെന്നു കണ്ടെത്തി ആപ്പിളിന്റെ എൻജിനീയർമാരെ അറിയിക്കുകയായിരുന്നു.
ജനുവരിയിലാണ് സുരക്ഷാവീഴ്ച ശ്രദ്ധയിൽപെട്ടത്. ആപ്പിൾ ഡവലപ്പർമാർ സുരക്ഷാവീഴ്ച പരിഹരിച്ചെങ്കിലും എല്ലാ അക്കൗണ്ടുകൾക്കും അതു ബാധകമായില്ലെന്നും അനന്തകൃഷ്ണൻ കണ്ടെത്തി. പുതിയതായി സൃഷ്ടിക്കുന്ന അക്കൗണ്ടുകൾക്കു മാത്രമേ സുരക്ഷ കൂടുന്നുള്ളൂവെന്ന കണ്ടെത്തലും അനന്തകൃഷ്ണൻ ആപ്പിളുമായി പങ്കുവച്ചു. നിലവിൽ ഈ സുരക്ഷാവീഴ്ച പരിഹരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനു മുൻപ് ഗൂഗിൾ, ഫെയ്സ്ബുക്, ഗിറ്റ്ഹബ് തുടങ്ങിയവയുടെ സുരക്ഷാവീഴ്ച കണ്ടെത്തിയും അനന്തകൃഷ്ണൻ ആ കമ്പനികളുടെ ഹാൾ ഓഫ് ഫെയിമിൽ ഇടം പിടിച്ചിരുന്നു. 2500 യുഎസ് ഡോളറാണ് ആപ്പിളിന്റെ സമ്മാനം. 3 മാസത്തിൽ ഒരിക്കലാണ് ഹാൾ ഓഫ് ഫെയിം പ്രസിദ്ധീകരിക്കുന്നത്.
പത്തനംതിട്ട മൗണ്ട് സിയോൻ എൻജിനീയറിങ് കോളജിൽ ബിടെക് കംപ്യൂട്ടർ സയൻസ് അവസാനവർഷ വിദ്യാർഥിയാണ് അനന്തകൃഷ്ണൻ. സൈബർ സെക്യൂരിറ്റി മേഖലയിൽ സുഹൃത്തുക്കൾക്കൊപ്പം സ്റ്റാർട്ടപ് തുടങ്ങിയിട്ടുണ്ട്. ഹാക്കർമാരുടെ സംഘടനയായ ഡെഫ്കോൺ ട്രിവാൻഡ്രം, കേരള പൊലീസ് സൈബർഡോം എന്നിവയിൽ അംഗമാണ്. മങ്കൊമ്പ് കൃഷ്ണ വിഹാറിൽ കൃഷ്ണകുമാറിന്റെയും ശ്രീജ കൃഷ്ണകുമാറിന്റെയും മകനാണ് കെ.എസ്.അനന്തകൃഷ്ണൻ. സഹോദരി: ഗൗരിപാർവതി.
English Summary: Ananthakrishnan corrects Apple