തോപ്പിൽ ഭാസിയുടെ സ്വാതന്ത്ര്യ സമരസേനാനി പെൻഷൻ മകൾക്കു നൽകും
Mail This Article
തിരുവനന്തപുരം ∙ കമ്യൂണിസ്റ്റ് നേതാവും മുൻ എംഎൽഎയുമായ തോപ്പിൽ ഭാസിയുടെ സ്വാതന്ത്ര്യ സമരസേനാനി പെൻഷൻ തുടർന്നു മകൾക്കു നൽകും. നാടകകലാകാരിയായ മകൾ എ.മാലയ്ക്കു നിലവിൽ സാംസ്കാരിക വകുപ്പ് നൽകി വരുന്ന കലാകാരന്മാർക്കുള്ള പെൻഷൻ റദ്ദാക്കിയാണു പിതാവിന്റെ പേരിലുള്ള സ്വാതന്ത്ര്യ സമരസേനാനി തുടർ പെൻഷൻ നൽകുക. സർക്കാരിൽ നിന്നു നിലവിൽ പെൻഷൻ ലഭിക്കുന്ന വ്യക്തിക്കു മറ്റൊരു പെൻഷൻ നൽകാൻ വ്യവസ്ഥയില്ല. തുടർ പെൻഷൻ ആവശ്യം ഇതിന്റെ പേരിൽ ധനവകുപ്പ് നിരസിച്ചിരുന്നു.
2021 സെപ്റ്റംബറിൽ മാല അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ കലക്ടർ കഴിഞ്ഞ വർഷം ഡിസംബറിൽ നൽകിയ റിപ്പോർട്ട് ധനവകുപ്പിന്റെ പരിഗണനയ്ക്കു വന്നപ്പോഴായിരുന്നു ഈ നടപടി. പിന്നീട് ഭരണകക്ഷിയിൽ നിന്നു സമ്മർദം ഉണ്ടായതോടെ കലക്ടർ ഈ വർഷം ഏപ്രിലിൽ വീണ്ടും അനുകൂല റിപ്പോർട്ട് നൽകി. ഇവർ ഭർത്താവിന്റെ മരണശേഷം മാതാവിനെ ആശ്രയിച്ചാണു കഴിഞ്ഞിരുന്നതെന്നും തൊഴിൽരഹിതയാണെന്നും സാംസ്കാരിക വകുപ്പിന്റെ പ്രതിമാസ 4000 രൂപ പെൻഷൻ മാത്രമാണു വരുമാനമെന്നും പുതിയ റിപ്പോർട്ടിലുണ്ട്. നിലവിലെ സാംസ്കാരിക പെൻഷൻ റദ്ദാക്കാൻ അപേക്ഷക സമ്മതിച്ചതായും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം രണ്ടിന് തുടർ പെൻഷന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. സാംസ്കാരിക വകുപ്പിൽ നിന്നുള്ള പെൻഷനെക്കാളും കൂടിയ തുകയാണു സ്വാതന്ത്ര്യസമര സേനാനി പെൻഷനായി ലഭിക്കുക.
അപേക്ഷകയുടെ രണ്ടു മക്കളിൽ ഒരാൾ ഡപ്യുട്ടി സ്പീക്കറുടെ പഴ്സനൽ സ്റ്റാഫാണ്. തോപ്പിൽ ഭാസ്കരൻ പിള്ള എന്ന തോപ്പിൽ ഭാസി 1992 ഡിസംബർ 8നാണു മരിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ അമ്മിണി അമ്മയാണു തുടർ പെൻഷൻ വാങ്ങിയിരുന്നത്. ഇവർ 2021 ജൂലൈ 15നു മരിച്ചതോടെയാണു മകൾ പെൻഷനായി അപേക്ഷിച്ചത്. തോപ്പിൽ ഭാസിക്ക് മറ്റ് മൂന്ന് ആൺമക്കളാണ്. ഇവരുടെ നിരാക്ഷേപപത്രവും കലക്ടറുടെ റിപ്പോർട്ടിലുണ്ട്.
English Summary: The government granted freedom fighters pension for Thoppil bhasi's daughter