എകെജി സെന്ററിനു നേർക്കു രാത്രിയിൽ സ്ഫോടകവസ്തു എറിഞ്ഞു
Mail This Article
തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എകെജി സെന്ററിനു നേർക്കു രാത്രിയിൽ സ്ഫോടകവസ്തു എറിഞ്ഞു. രാത്രി 11.25നാണു മുഖ്യകവാടത്തിനു സമീപമുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടകവസ്തു അകത്തേക്ക് എറിഞ്ഞത്. കുന്നുകുഴി ഭാഗത്തുനിന്നു ബൈക്കിലെത്തിയ ആളാണു സ്ഫോടകവസ്തു എറിഞ്ഞതെന്നു സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി.
ബൈക്ക് നിർത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗിൽനിന്നു സ്ഫോടകവസ്തു എറിയുന്ന ദൃശ്യമാണു ലഭിച്ചത്. രണ്ടു ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നു പൊലീസ് സംശയിക്കുന്നു. സ്ഫോടകവസ്തു എറിഞ്ഞശേഷം ഇവർ വേഗത്തിൽ ഓടിച്ചുപോവുകയും ചെയ്തു. എകെജി സെന്ററിന്റെ മുഖ്യഗേറ്റിൽ പൊലീസ് കാവൽ ഉണ്ടായിരുന്നുവെങ്കിലും ഹാളിന്റെ ഗേറ്റിനു സമീപം പൊലീസ് സാമീപ്യമുണ്ടായിരുന്നില്ല.
ഉഗ്രശബ്ദത്തോടെയാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്ന് ഓഫിസിലുണ്ടായിരുന്നവർ പറഞ്ഞു. ഹാളിന്റെ കരിങ്കൽഭിത്തിയിൽ സ്ഫോടകവസ്തു വന്നു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തി. സംഭവം നടക്കുമ്പോൾ മുതിർന്ന നേതാവ് പി.കെ.ശ്രീമതി ഓഫിസിന് അകത്തുണ്ടായിരുന്നു. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, പിബി അംഗം എ.വിജയരാഘവൻ, മന്ത്രി ആന്റണി രാജു എന്നിവരും ഉന്നത പൊലീസ് സംഘവും സ്ഥലത്തെത്തി. സമീപമുള്ള വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
ആക്രമണത്തിനു പിന്നിൽ കോൺഗ്രസാണെന്ന് എൽഡി എഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. വിമാനത്തിൽ മുഖ്യമന്ത്രിയെ വരെ വധിക്കാൻ ശ്രമിച്ചവർക്ക് എകെജി സെന്റർ ആക്രമിക്കാൻ ബുദ്ധിമുട്ടില്ല. ഇതിന്റെ പേരിൽ പ്രവർത്തകർ വൈകാരികമായി പ്രതികരിക്കരുത്. സംയമനം പാലിക്കണം – അദ്ദേഹം പറഞ്ഞു.
English Summary: Blast near AKG Centre - CPM State Committe Office - at Thiruvananthapuram