ADVERTISEMENT

കോഴിക്കോട്∙ മോഡലും നടിയുമായ ചെറുവത്തൂർ സ്വദേശി ഷഹാനയുടെ മരണത്തിൽ ഭർത്താവ് ചെറുകുളം സ്വദേശി സജാദ് കുറ്റക്കാരനെന്നു പൊലീസ് കുറ്റപത്രം. അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് അസി. കമ്മിഷണർ കെ.സുദർശനാണ് ജൂൺ 30നു ജെസിഎം 5 കോടതിയിൽ കുറ്റപത്രം നൽകിയത്.

ഷഹാനയെ സജാദ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായും സജാദിന്റെ ലഹരി ഉപയോഗവും ആത്മഹത്യയ്ക്കു കാരണമായതായും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. മരിച്ച ദിവസവും വഴക്കുണ്ടായെന്നും പറയുന്നുണ്ട്. ചെറുവത്തൂരിലെ ഷഹാനയുടെ വീട്ടിൽ നിന്നു ലഭിച്ച ഷഹാനയുടെ ഡയറിക്കുറിപ്പുകളാണ് സംഭവത്തിൽ പ്രധാന തെളിവായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് സജാദിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

shahana-sajjad
ഷഹാനയും ഭർത്താവ് സജാദും

പറമ്പിൽ ബസാറിനു സമീപം ഗൾഫ് ബസാറിൽ ഭർത്താവ് സജാദിനൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്ന ഷഹാനയെ മേയ് 13നു പുലർച്ചെയാണു വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയിൽ സജാദിനെ പിന്നീടു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യയാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണെങ്കിലും, ഭർത്താവിൽ നിന്നുള്ള പീഡനമാണ് ഷഹാനയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഷഹാനയുടെ ഡയറിയിൽ നിന്നാണു പീഡനത്തിന്റെ വ്യക്തമായ സൂചനകൾ ലഭിച്ചത്. ഇത് അന്വേഷണം വേഗത്തിലാക്കാൻ സഹായകമായി.

അന്വേഷണസംഘം ഷഹാനയുടെ കാസർകോട് ചീമേനി ചെമ്പ്രകാനത്തുള്ള ബന്ധുവീട്ടിലെത്തി ഉമ്മയിൽ നിന്നും സഹോദരനിൽ നിന്നും മൊഴിയെടുത്തിരുന്നു. പിന്നീട്, 2018ൽ എഴുതിത്തുടങ്ങിയ ഷഹാനയുടെ 180 പേജുള്ള ഡയറിയിൽ 2022ലെ 81 പേജുകളിൽ പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങൾ എഴുതിവച്ചിട്ടുണ്ട്. ഇതു പൊലീസ് കസ്റ്റഡിയിലെടുത്തു. വാടകവീട്ടിൽ നിന്നു ഷഹാനയുടെ 2 മൊബൈൽ ഫോണും അനുബന്ധ ഉപകരണങ്ങളും പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. സംഭവ ദിവസം ഫൊറൻസിക് പരിശോധനയും സയന്റിഫിക് പരിശോധനയും നടത്തിയിരുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയത്. 

English Summary: Model Shahana Death Case: Charge Sheet by Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com