സിപിഎം പ്രവർത്തകരെ ആക്രമിച്ചെന്ന കേസിൽ വയൽക്കിളി പ്രവർത്തകരെ വിട്ടയച്ചു
Mail This Article
തളിപ്പറമ്പ് (കണ്ണൂർ) ∙ സിപിഎം പ്രവർത്തകരെ ആക്രമിച്ചെന്ന കേസിൽ കീഴാറ്റൂർ വയൽക്കിളി പ്രവർത്തകരെ കോടതി വിട്ടയച്ചു. വയൽക്കിളി നേതാവായിരുന്ന സുരേഷ് കീഴാറ്റൂർ ഉൾപ്പെടെ 4 പേരെയാണ് തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തെളിവില്ലെന്ന കാരണത്താൽ വിട്ടയച്ചത്.
2019 ഏപ്രിൽ 23നു രാത്രി 9നു ദേശീയപാത ബൈപാസ് നിർമാണത്തിനെതിരെ സമരം നടത്തുന്ന വയൽക്കിളി പ്രവർത്തകരായ സുരേഷ് കീഴാറ്റൂർ, സി.മനോഹരൻ, സി.ദിലീപൻ, സി.രതീഷ്, സഫ്ദർ സുരേഷ് എന്നിവർ സിപിഎം പ്രവർത്തകരെ തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്.
ഇതിൽ സുരേഷ് കീഴാറ്റൂരിന്റെ മകനായ സഫ്ദർ പഠനാവശ്യത്തിനായി സംസ്ഥാനത്തിനു പുറത്തായതിനാൽ കേസിൽ ഹാജരാകാൻ സാധിച്ചിരുന്നില്ല. മറ്റു 4 പേരെയാണ് ഇപ്പോൾ വിട്ടയച്ചത്. വയൽക്കിളി പ്രവർത്തകർക്കു വേണ്ടി അഭിഭാഷകരായ സിബേഷ് കടമ്പേരിയും സിമി കീഴാറ്റൂരും ഹാജരായി.
English Summary: Court released Vayalkkili workers in CPM attack case