സി–ഡിറ്റിൽ തിരിച്ചെത്താൻ ഇനി ജയരാജിന് ഏക കടമ്പ കോടതി
Mail This Article
കോഴിക്കോട് ∙ സി-ഡിറ്റിന് (സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി) സോഫ്റ്റ്‌വെയർ വാങ്ങിയതിൽ 35 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും സിപിഎം നേതാവ് ടി.എൻ.സീമയുടെ ഭർത്താവ് ജി.ജയരാജ് ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ സിവിൽ–ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നുമുള്ള ഐടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ആവിയായത് മുഖ്യമന്ത്രിയുടെ ഒപ്പിൽ. റിപ്പോർട്ട് മുക്കി 2 മാസത്തിനു ശേഷം ജയരാജിനെ അതേ സ്ഥാപനത്തിന്റെ ഡയറക്ടറായി നിയമിച്ചുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിടുകയും ചെയ്തു. പിണറായി വീണ്ടും മുഖ്യമന്ത്രി ആയാൽ ഡയറക്ടർ സ്ഥാനത്ത് താൻ തിരിച്ചെത്തും എന്നു വെല്ലുവിളിച്ച് സി–ഡിറ്റിന്റെ പടിയിറങ്ങിയ ജയരാജിന് ഇനി കോടതി ഉത്തരവു കൂടി അനുകൂലമായാൽ കസേരയിൽ ഇരിക്കാം.
ഡയറക്ടർ സ്ഥാനത്തേക്കു തിരികെയെത്താൻ ജയരാജിനു മുന്നിലുള്ള തടസ്സമായിരുന്നു ഐടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. താഴെത്തട്ടു മുതൽ വിവിധ ഉദ്യോഗസ്ഥർ അന്വേഷിച്ച്, ഐടി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉൾപ്പെടെ ശരിവച്ച റിപ്പോർട്ടിൽ (ഫയൽ സി1/169/2020-ഐടിഡി) ഗുരുതര കണ്ടെത്തലുകളാണുള്ളത്. ജി.ജയരാജ്, ഡോ. പി.വി.ഉണ്ണികൃഷ്ണൻ, കൺസൽറ്റന്റ് എ.ഷാജി എന്നിവർക്കെതിരെയാണു പ്രധാന കണ്ടെത്തലുകൾ. എന്നാൽ ഒന്നര മാസം ഈ ഫയൽ പിടിച്ചുവച്ച ശേഷം ഒരു നടപടിയും വേണ്ടെന്നും ഭാവിയിൽ ‘കരുതൽ’ ഉണ്ടായാൽ മതിയെന്നും മുഖ്യമന്ത്രി ഫയലിൽ കുറിക്കുകയായിരുന്നു. അതോടെ നടപടികൾ അവസാനിപ്പിച്ച് ജയരാജിന് മുന്നോട്ടുള്ള വഴികൾ തുറന്നു.
∙ പരാതി (2020 ഒക്ടോബർ. സി–ഡിറ്റ് ഡപ്യൂട്ടി ഡയറക്ടർ എം.ആർ.മോഹനചന്ദ്രൻ ആണ് പരാതിക്കാരൻ.)
കെഎസ്എഫ്ഇക്കു വേണ്ടി നെസസ് ടെനബിൾ സോഫ്റ്റ്‌വെയർ വാങ്ങിയതിൽ 35 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ഈ സോഫ്റ്റ്‌വെയർ ഒരു തവണ പോലും ഉപയോഗിക്കാതെ ലൈസൻസ് കാലാവധി അവസാനിച്ചു. കമ്പനിക്കു വേണ്ടി ഉദ്യോഗസ്ഥർ അമിത താൽപര്യം കാണിച്ചു.
∙ ഐടി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ശുപാർശ (2022 ഫെബ്രുവരി 15)
ഇടപാടിൽ വൻ വീഴ്ച സംഭവിച്ചു. ഉപയോക്താവിന്റെ ആവശ്യങ്ങൾ പരിശോധിച്ചല്ല സി–ഡിറ്റ് സോഫ്റ്റ്‌വെയർ വാങ്ങിയത് എന്നു വ്യക്തം. അനാവശ്യ തിടുക്കമുണ്ടായി. തീരുമാനമെടുത്ത ഉദ്യോഗസ്ഥരിൽ (സർവീസിൽനിന്നു വിരമിച്ചവർ ആണെങ്കിലും) ഉത്തരവാദിത്തം ചുമത്തി സിവിൽ–ക്രിമിനൽ നടപടികൾ ആരംഭിക്കണം. മുഖ്യമന്ത്രിക്കു ഫയൽ സമർപ്പിക്കാം.
∙ മുഖ്യമന്ത്രിയുടെ തീരുമാനം (2022 മാർച്ച് 30)
ചട്ടങ്ങൾ പാലിച്ചാണു സോഫ്റ്റ്‌വെയർ വാങ്ങിയത്. അന്വേഷണത്തിനു പ്രസക്തി ഉണ്ടെന്നു കരുതാനാകില്ല. വിജിലൻസ് പരിശോധനയ്ക്കു വിധേയമാക്കത്തക്ക വീഴ്ചകൾ ആരോപിക്കപ്പെട്ടിട്ടില്ല. ഭാവിയിൽ ഇത്തരം സോഫ്റ്റ്‌വെയർ വാങ്ങുമ്പോൾ സാങ്കേതിക സമിതികൾ രൂപീകരിച്ചു വേണം ശുപാർശ ചെയ്യേണ്ടത്. വിപണിയെക്കുറിച്ചു പഠിച്ചു വേണം കാര്യങ്ങൾ തീരുമാനിക്കാൻ. ഇക്കാര്യം സി–ഡിറ്റിനെ അറിയിക്കാം.
∙ സി–ഡിറ്റിനെ അറിയിച്ചത് (2022 ഏപ്രിൽ 28)
മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ അതേപടി സി–ഡിറ്റിനെ അറിയിച്ച്, അന്വേഷണ ഫയലിലെ നടപടികൾ അഡിഷനൽ ചീഫ് സെക്രട്ടറി (ഐടി) അവസാനിപ്പിച്ചു.
English Summary: Scandal in the appointment of T.N. Seema's husband Jayaraj as CDit director