‘അവരെ എന്തോ പ്രലോഭിപ്പിക്കുന്നുണ്ടാകാം’: ശ്രീലേഖയ്ക്കെതിരെ അതിജീവിതയുടെ ബന്ധുക്കൾ
Mail This Article
കൊച്ചി ∙ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുമായി ബന്ധപ്പെട്ട് മുൻ ഡിജിപി ആർ.ശ്രീലേഖ നടത്തിയ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു. പ്രതികളെ രക്ഷിക്കാനുമുള്ള നീക്കമാണിതെന്നാണ് ആരോപണം
∙അതിജീവിതയുടെ ബന്ധുക്കൾ: വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം. ന്യായീകരണത്തൊഴിലാളികളുടെ അവസ്ഥയിൽ സഹതാപം തോന്നുന്നു. ഒരുപാട് മനുഷ്യരുടെ മനസ്സിൽ ചിതയൊരുക്കുകയാണ് അവർ.
∙ വി.ഡി.സതീശൻ (പ്രതിപക്ഷ നേതാവ്): വെളിപ്പെടുത്തലിൽ അനൗചിത്യമുണ്ട്. ഇത്ര നാൾ എന്തുകൊണ്ടു പറഞ്ഞില്ലെന്ന ചോദ്യവുമുണ്ട്. പൊലീസ് അന്വേഷിക്കണം.
∙ ഉമ തോമസ് എംഎൽഎ: ശ്രീലേഖയുടെ വാക്കുകളെ സമൂഹം വിലയിരുത്തട്ടെ. കേസിൽ അതിജീവിതയ്ക്കൊപ്പമാണെന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
∙ കെ.കെ.രമ എംഎൽഎ: ശ്രീലേഖ മുൻപും ദിലീപിന് അനുകൂലമായ നിലപാടെടുത്തിട്ടുണ്ട്. പ്രതിയെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
∙ടി.ബി.മിനി (അതിജീവിതയുടെ അഭിഭാഷക): കേസിൽ ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകൾ വ്യാജമാണെന്ന ആരോപണം ദിലീപിന്റെ താൽപര്യപ്രകാരമാണ്. പൊലീസിനെ അവഹേളിക്കുകയാണ്.
∙ ജോർജ് ജോസഫ് (മുൻ എസ്പി): ക്രിമിനൽ കേസ് അന്വേഷിച്ചു തെളിയിച്ച പരിചയം ശ്രീലേഖ മാഡത്തിനില്ല. പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിനു പൊലീസിനു ലഭിച്ച ഏറ്റവും ശക്തമായ തെളിവാണ് ആ ചിത്രം.
∙ ഭാഗ്യലക്ഷ്മി (ഡബ്ബിങ് കലാകാരി): ശ്രീലേഖയുടെ വെളിപ്പെടുത്തലിനു പിന്നിൽ ആരുടെയോ പ്രലോഭനമാണ്. ഇതിനു പിന്നിൽ വലിയ ഗൂഡാലോചനയുണ്ട്.
∙ ബിദിൻ പുല്ലഴി (ദിലീപും പൾസർ സുനിയും ഒരുമിച്ചുള്ള ചിത്രമെടുത്തയാൾ): ‘ജോർജേട്ടൻസ് പൂരം’ എന്ന ദിലീപിന്റെ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്തു ഞാൻ പുഴയ്ക്കലിലെ ക്ലബ്ബിലെ ബാറിൽ ജീവനക്കാരനായിരുന്നു. ഷൂട്ടിങ് നടക്കുന്നതറിഞ്ഞു കൂട്ടുകാർക്കൊപ്പം കാണാൻ പോയി. ഇടവേളയിൽ ദിലീപ് വണ്ടിയിൽ ചാരി നിൽക്കുന്ന സമയത്തു ഞാനെടുത്ത ചിത്രമാണത്. ഒരു തരത്തിലുമുള്ള എഡിറ്റിങ്ങും ചിത്രത്തിൽ നടത്തിയിട്ടില്ല. ചിത്രം പകർത്തുന്ന സമയത്തു ദിലീപിന്റെ പിന്നിൽ നിൽക്കുന്നതു പൾസർ സുനിയാണെന്ന് അറിഞ്ഞിരുന്നില്ല.
∙ പൃഥ്വിരാജ് (നടൻ): അതിജീവിതയ്ക്കൊപ്പം നിൽക്കുന്നു അന്നും ഇന്നും.
∙ ദീദി ദാമോദരൻ (വിമൻ ഇൻ സിനിമ കലക്ടീവ് അംഗം): ശ്രീലേഖ ആർക്കു വേണ്ടിയാണു സംസാരിക്കുന്നതെന്നു വ്യക്തം.
∙ കെ.അജിത (അന്വേഷി): ഈ വെളിപ്പെടുത്തലിനു പിന്നിലുള്ള ഗൂഢാലോചന പുറത്തു കൊണ്ടുവരണം.
∙ ആനിരാജ (സിപിഐ നേതാവ്): മുൻ ഡിജിപിയുടെ നിലപാടുകൾ അതിജീവിതയെ വീണ്ടും പീഡിപ്പിക്കുന്നതിനു തുല്യമാണ്.
∙ ടി.ആസഫലി (പ്രോസിക്യൂഷൻ മുൻ ഡയറക്ടർ ജനറൽ): ഇത്രയും വിവരം കൈവശമുണ്ടായിട്ടും വിചാരണയുടെ അവസാന ഘട്ടത്തിൽ മാത്രം ഇങ്ങനെ പറയാൻ എന്തുകൊണ്ട് തയാറായി എന്നു വിശദീകരിക്കണം
∙ ആലപ്പി അഷറഫ് (സംവിധായകൻ): സ്ത്രീകളുടെ അന്തസ്സിനു വേണ്ടിയാണു പോരാടുന്നതെന്ന പറഞ്ഞ അതിജീവിതയെ ഒരിക്കൽ പോലും സാന്ത്വനിപ്പിക്കാത്ത ആൾക്ക് എവിടെയാണു ധാർമികത?
∙ പി.ബാലചന്ദ്രകുമാർ ( ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ): പൊലീസിന്റെ വിശ്വാസ്യത തകർത്ത് ദിലീപിന്റെ പ്രതിഛായ വർധിപ്പിക്കാൻ രംഗത്തിറക്കിയതാണ്
∙ ജിൻസൻ (കേസിലെ മുഖ്യസാക്ഷി): ദിലീപിനോടുള്ള ആരാധന മൂത്തു ശ്രീലേഖ ഇല്ലാത്ത കാര്യങ്ങൾ പറയുകയാണ്. സുനി പറഞ്ഞുകൊടുക്കുന്നതും തൊട്ടടുത്തിരുന്നു സഹതടവുകാരൻ വിപിൻലാൽ എഴുതുന്നതും ജയിലിലെ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഞാനും കൂടി ഇരിക്കുമ്പോഴാണു കത്തെഴുതുന്നത്.
English Summary: Criticism against former dgp Sreelekha