കെ.പി.കുമാരന് ജെ.സി. ഡാനിയേൽ പുരസ്കാരം
Mail This Article
കോട്ടയം ∙ സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി.ഡാനിയേൽ അവാർഡ് (5 ലക്ഷം രൂപ) സംവിധായകൻ കെ.പി.കുമാരന്. അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര ലോകത്തു നിറഞ്ഞു നിൽക്കുന്ന കെ.പി.കുമാരൻ മലയാളത്തിലെ സമാന്തര സിനിമയ്ക്കു നവീനമായ ദൃശ്യഭാഷ നൽകിയ സംവിധായകനാണെന്നു പി.ജയചന്ദ്രൻ ചെയർമാനായ ജൂറി അഭിപ്രായപ്പെട്ടു.
റോക്ക് എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ കുമാരൻ, അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിന്റെ സഹരചയിതാവാണ്. 1988ൽ രുക്മിണി എന്ന ചിത്രത്തിനു മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടി. അതിഥി, തോറ്റം, നേരം പുലരുമ്പോൾ, ആദിപാപം, കാട്ടിലെ പാട്ട്, ആകാശഗോപുരം, ഗ്രാമവൃക്ഷത്തിലെ കുയിൽ തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയമായ സിനിമകൾ.
∙ ‘അവാർഡ് കുമാരനാശാനു സമർപ്പിക്കുന്നു. കാവ്യനീതിയാണ് ഇത്. ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ പുറത്തിറക്കാൻ ഏറെ ബുദ്ധിമുട്ടി. ദേശീയ, സംസ്ഥാന ജൂറികൾ ചിത്രത്തെ അവഗണിച്ചു. ആ ചിത്രമാണ് ജെ.സി.ഡാനിയേൽ അവാർഡിന് അർഹനാക്കിയത് എന്നു വിശ്വസിക്കുന്നു. വയസ്സ് 85 ആയി. കൈവശം ധാരാളം തിരക്കഥകൾ ഉണ്ടെങ്കിലും ഇനി സിനിമ എടുക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല.’ – കെ.പി.കുമാരൻ
English Summary: JC Daniel Award for KP Kumaran