ഗൗഡയെ തള്ളി; ദൾ കേരള എംഎൽഎമാരുടെ വോട്ട് യശ്വന്ത് സിൻഹയ്ക്ക്
Mail This Article
തിരുവനന്തപുരം ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തള്ളി ജനതാദൾ എസിന്റെ കേരളത്തിലെ എംഎൽഎമാരായ മന്ത്രി കെ.കൃഷ്ണൻകുട്ടിയും മാത്യു ടി.തോമസും പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്കു വോട്ടു ചെയ്യാൻ ഒരുങ്ങുന്നു. പാർട്ടി കേരള നേതൃത്വം എടുത്ത ഈ തീരുമാനം അവർ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയെ അറിയിച്ചു. സ്വതന്ത്ര നിലപാട് എടുക്കാൻ ഗൗഡ അനുമതി നൽകിയിട്ടില്ലെങ്കിലും ഇതിന്റെ പേരിൽ നടപടിക്കു മുതിരില്ലെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം.
ജനതാദൾ (എസ്) പ്രതിനിധികൾ കൂടി പ്രതിപക്ഷ സ്ഥാനാർഥിക്ക് വോട്ടു ചെയ്താൽ കേരളത്തിലെ 140 എംഎൽഎമാരുടെയും വോട്ട് യശ്വന്ത് സിൻഹയ്ക്ക് ഉറപ്പിക്കാം. കേരളം സന്ദർശിച്ച യശ്വന്ത് സിൻഹ ഇരുമുന്നണികളുടെയും പിന്തുണ ഉറപ്പാക്കിയിരുന്നു. അതേസമയം, ബിജെപിക്ക് നിയമസഭാംഗങ്ങൾ ഇല്ലാത്ത കേരളത്തിൽ പിന്തുണ തേടി ദ്രൗപദി മുർമു വന്നതുമില്ല.
രഹസ്യ ബാലറ്റ് മുഖേനയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. എന്നാൽ വിപ്പ് ബാധകമല്ല. മുന്നണികൾക്ക് പോളിങ് ഏജന്റുമാരെ നിയോഗിക്കാം. കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ട് മൂല്യം 152 ആണ്. 140 പേരുടെയും വോട്ട് ഉറപ്പിക്കാൻ കഴിഞ്ഞാൽ ഇവിടെനിന്ന് യശ്വന്ത് സിൻഹയ്ക്കു ലഭിക്കുന്ന വോട്ട് മൂല്യം 21,280 ആയിരിക്കും. നിയമസഭാ സമുച്ചയത്തിലെ 746–ാം നമ്പർ മുറിയിൽ നാളെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്.
English Summary: Kerala Janata Dal MLAs to vote for Yashwant Sinha