വഴിയിൽ പൊലീസുകാർ മൂത്രം ഒഴിച്ചു; ചോദ്യംചെയ്തയാൾക്കു ക്രൂരമർദനം
Mail This Article
തിരുവനന്തപുരം ∙സ്വകാര്യ വഴിയിൽ പൊലീസുകാർ മൂത്രം ഒഴിച്ചു; ചോദ്യംചെയ്ത റെയിൽവേ ഉദ്യോഗസ്ഥനു ക്രൂരമർദനം. ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥൻ ചികിത്സയിൽ. സംഭവത്തിൽ ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ 3 പൊലീസുകാർക്കു സസ്പെൻഷൻ.
കിളിമാനൂരിൽ വീട്ടിലേക്കുള്ള സ്വകാര്യ വഴിയിൽ മൂത്രം ഒഴിക്കുന്നത് വിലക്കിയ റെയിൽവേ ഉദ്യോഗസ്ഥൻ ഊമൺപള്ളിക്കര ഇരട്ടച്ചിറ റീനാഭവനിൽ ആർ.രജീഷി(33)നെ നഗരൂരിൽ നടന്ന കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനെത്തിയ പൊലീസുകാരാണ് മർദിച്ചത്. മദ്യലഹരിയിലായിരുന്ന പൊലീസുകാർ മർദിച്ചെന്ന് പരാതി നൽകിയെങ്കിലും കേസെടുക്കാൻ കിളിമാനൂർ പൊലീസ് ആദ്യം തയാറായില്ല.
കിളിമാനൂർ ബവ്കോ ഔട്‌ലെറ്റിനു സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 12നാണു സംഭവം. പൊലീസുകാർ വാനിലാണ് എത്തിയത്. സ്വകാര്യ വഴിയിൽ മൂത്രം ഒഴിക്കുന്നത് വിലക്കിയ രജീഷിനെ അസഭ്യം വിളിക്കുകയും മർദിക്കുകയുമായിരുന്നു. തലയിലും മുഖത്തും ഇടിക്കുകയും മർമസ്ഥാനത്ത് തൊഴിക്കുകയും ചെയ്തു.
എംസി റോഡിൽനിന്ന് 60 മീറ്റർ ഉള്ളിലേക്ക് മാറിയാണ് വീട്. ഈ ഭാഗത്ത് പതിവായി ആളുകൾ മൂത്രമൊഴിക്കുന്നതിനാൽ വഴി നടക്കുന്നത് ബുദ്ധിമുട്ടായി. സ്ത്രീകൾക്കും കുട്ടികൾക്കും ഇതുവഴി പോകുന്നതിനും മദ്യപന്മാരുടെ ഭീഷണിയുണ്ടായിരുന്നു. അതുകൊണ്ടാണ് സ്വകാര്യസ്ഥലത്ത് പരസ്യമായി മൂത്രമൊഴിക്കുന്നത് വിലക്കിയതെന്ന് രജീഷ് പറയുന്നു.
പൊലീസുകാരെ കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ഇവരുടെ രക്തപരിശോധനയ്ക്ക് ആദ്യം തയാറായില്ല. പരാതിയെത്തുടർന്നാണ് രക്തം ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്. സംഭവം വിവാദമായതിനെത്തുടർന്നു ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ നിബാസ്, ജബിൻ, പ്രശാന്ത് എന്നിവരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. അന്വേഷണവിധേയമായാണു സസ്പെൻഡ് ചെയ്തതെന്നും ഇവർക്കെതിരേ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും എസ്പി കെ.കാർത്തിക് പറഞ്ഞു.
‘മദ്യലഹരിയിലായിരുന്ന 3 പൊലീസുകാർ ചേർന്ന് എന്നെ ക്രൂരമായി മർദിച്ചു. പിന്നാലെ പതിനഞ്ചോളം പൊലീസുകാർ ഓടിയെത്തി. അപ്പോഴേക്കും ഞാൻ ഇടിയേറ്റ് നിലത്തുവീണിരുന്നു. നിലത്തു വീണിട്ടും മർദനം തുടർന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടുമെന്നായപ്പോൾ പൊലീസുകാർ രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ വാഹനത്തിൽ എല്ലാവർക്കും കയറിപ്പറ്റാനായില്ല. ഇരുപതോളം പേർ ആ വാഹനത്തിലുണ്ടായിരുന്നു. നാട്ടുകാർ ഓടിയെത്തിയതുകൊണ്ടുമാത്രമാണ് കേസെടുക്കാൻ കിളിമാനൂർ പൊലീസ് തയാറായത്’ – രജീഷ് പറയുന്നു. പരുക്കേറ്റ രജീഷ് തിരുവനന്തപുരം പേട്ട റെയിൽവേ ആശുപത്രിയിൽ ചികിത്സയിലാണ്.
English Summary: Railway employee brutally beaten by police