സർക്കാർ ഓഫിസുകളിലെ പോസ്റ്റർ തടയണമെന്ന് നിർദേശം
Mail This Article
തിരുവനന്തപുരം∙ സർക്കാർ ഓഫിസുകളുടെ ചുമരുകളിൽ ജീവനക്കാരുടെ സംഘടനകൾ പോസ്റ്റർ പതിക്കുന്നതും ചുമരെഴുത്തു നടത്തുന്നതും കർശനമായി തടയണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ നിർദേശം. ഇതു സംബന്ധിച്ച് വകുപ്പു മേധാവികൾ എല്ലാ ഓഫിസുകൾക്കും സർക്കുലർ കൈമാറി. ഭംഗിയായി നിർമിക്കുന്ന ഓഫിസുകൾ പോലും വൃത്തിഹീനമാക്കുന്ന രീതിയിൽ പോസ്റ്ററുകൾ പതിക്കുന്നതും കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതും ശ്രദ്ധയിൽപെട്ടതിനാലും പൊതുജനങ്ങളിൽനിന്ന് പരാതികൾ വന്നതിനാലുമാണ് നടപടി.
അംഗീകൃത സർവീസ് സംഘടനകൾക്ക് സർക്കാർ ഓഫിസ് മന്ദിരത്തിനുള്ളിൽ പരസ്യപ്രചാരണത്തിനു പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നതിനു 1994ൽ തന്നെ നിർദേശമുള്ളതാണ്. അവിടെയല്ലാതെ ചുമരിലോ മറ്റിടങ്ങളിലോ പരസ്യം പാടില്ലെന്നാണ് നിർദേശം. നോട്ടിസ് പതിക്കുന്നതിനും പോസ്റ്റർ പ്രചാരണത്തിനും സംഘടനകൾക്ക് പ്രത്യേകം ബോർഡ് വയ്ക്കുന്നതിന് ഓഫിസ് മേധാവികൾ സൗകര്യമൊരുക്കണമെന്നായിരുന്നു നിർദേശം.
ഇൗ ബോർഡ് ഓഫിസിന്റെ പ്രധാന പ്രവേശന ഭാഗത്തല്ലാതെ മറ്റ് എവിടെയെങ്കിലും വേണമെന്നും നിർദേശമുണ്ട്. ഇക്കാര്യം വ്യക്തമാക്കി 2010ലും പുതിയ സർക്കുലർ വകുപ്പുകൾക്കു കൈമാറിയിരുന്നു. ഇതൊന്നും പാലിക്കാതെയാണ് ഇപ്പോഴും നോട്ടിസും പോസ്റ്ററും പതിപ്പിക്കുന്നതും ചുമരെഴുത്തു നടത്തുന്നതും. കൊടിതോരണങ്ങളും പരസ്യബോർഡുകളും ഓഫിസിനും പൊതുജനത്തിനും ബുദ്ധിമുട്ടുണ്ടാക്കാത്ത സ്ഥലത്തു വേണം സ്ഥാപിക്കാനെന്നു നിർദേശമുണ്ടെങ്കിലും കൊടിതോരണങ്ങളും ബോർഡുമാണ് ഓഫിസിന്റെ വഴികളിലും ഇടനാഴികളിലും.
English Summary: Instruction to remove posters in government offices