ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ 9600 പേർ രണ്ട് ഏക്കറിലധികം ഭൂമിയുള്ളവരാണെന്നു ധനവകുപ്പു കണ്ടെത്തി. ഇവരിൽ ചിലർ റബർ സബ്സിഡി ഉൾപ്പെടെ വാങ്ങുന്നതായും വ്യക്തമായി. തുടർന്ന് ഇവരെ പെൻഷൻ പദ്ധതിയിൽ നിന്നു നീക്കാനുള്ള നടപടികൾ തദ്ദേശ വകുപ്പ് ആരംഭിച്ചു. ഇവർക്കു തദ്ദേശ സ്ഥാപനങ്ങൾ നോട്ടിസ് അയച്ച് ഹിയറിങ് നടത്തി ഭൂരേഖകൾ ഒന്നു കൂടി പരിശോധിച്ച ശേഷമാകും ഒഴിവാക്കുക. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപന ഭരണസമിതികളുടെ തീരുമാനം നിർണായകമായിരിക്കും.

സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ പട്ടിക വിഭാഗക്കാർ ഒഴികെയുള്ളവർക്കു സ്വന്തം പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉണ്ടാകാൻ പാടില്ലെന്നാണു നിബന്ധന. ഇവർക്ക് എത്രകാലം പെൻഷൻ നൽകി എന്നു വ്യക്തമല്ല. പ്രതിമാസം 1600 രൂപയാണ് പെൻഷൻ. 9600 പേർക്ക് ഒരു വർഷം പെൻഷൻ നൽകാൻ 19 കോടിയോളം രൂപ വേണം. പെൻഷൻ നിർണയിക്കുന്നതിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും അനർഹർക്കു പെൻഷൻ നൽകാൻ കോടികൾ ചെലവിട്ടുവെന്നുമുള്ള ആരോപണങ്ങൾ നേരത്തേ ഉയർന്നിരുന്നു.

52.30 ലക്ഷം പെൻ‍ഷൻകാർ

സംസ്ഥാനത്ത് ആകെ 52.30 ലക്ഷത്തോളം പേർക്കാണു സാമൂഹികസുരക്ഷാ പെൻഷൻ നൽകുന്നത്. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ച് അതുവഴി ബജറ്റിൽ ഉൾപ്പെടാതെ വായ്പയെടുത്താണു പെൻഷൻ വിതരണം. ഈ കടമെടുപ്പു രീതിയെ സിഎജി നിശിതമായി വിമർശിച്ചതോടെ കമ്പനിക്കു സാമ്പത്തികപിന്തുണ നൽകുന്നതിൽനിന്ന് സംസ്ഥാനം ഈയിടെ പിന്മാറി.

പെൻഷൻ 5 തരം 

വാർധക്യ പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ, വിധവാ പെൻഷൻ, ശാരീരിക– മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള പെൻഷൻ എന്നിങ്ങനെ 5 സാമൂഹിക സുരക്ഷാ പെൻഷനാണ് ഉള്ളത്.

English Summary: Illegal social welfare pensioners Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com