റേഷൻ കിറ്റ്: 5 രൂപ വീതം കടയുടമകൾക്ക് കമ്മിഷൻ
Mail This Article
തിരുവനന്തപുരം∙ കോവിഡ് കാലത്തു റേഷൻ കടയിലൂടെ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റുകളിൽ ഓരോന്നിനും കമ്മിഷൻ ആയി 5 രൂപ കടയുടമകൾക്കു നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ വർഷം മേയിൽ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റുകളുടെ കമ്മിഷൻ ആണു നൽകുന്നത്.
85,29,179 കിറ്റുകൾ വിതരണം ചെയ്തതിനു 4,26,45,895 രൂപ അനുവദിക്കാനാണു തീരുമാനം. ഈ ഇനത്തിൽ റേഷൻ വ്യാപാരികൾക്കു നൽകാനുള്ള കുടിശികയിൽ ഒരു ഗഡുവാണ് അനുവദിച്ചത്. ലോക്ഡൗൺ ആരംഭിച്ച 2020 മാർച്ച് മുതൽ റേഷൻകടകൾ വഴി 13 കിറ്റുകൾ വിതരണം ചെയ്തിരുന്നു. ഇതിൽ രണ്ടെണ്ണത്തിന്റെ കമ്മിഷൻ നൽകി. ഇനി ലഭിക്കാനുള്ള 11 എണ്ണത്തിൽ ഒരെണ്ണത്തിന്റെ തുകയാണ് അനുവദിച്ചത്. കിറ്റൊന്നിന് 15 രൂപ നൽകണമെന്നാണു വ്യാപാരികളുടെ ആവശ്യം. എന്നാൽ, കൈകാര്യച്ചെലവ് ഇനത്തിൽ തുക നൽകാൻ കഴിയില്ലെന്നും സേവനമായി കണക്കാക്കണമെന്നും സർക്കാർ മറുപടി നൽകി.
കമ്മിഷൻ നൽകാത്തതിനെതിരെ റേഷൻ വ്യാപാരികളുടെ സംഘടനകൾ ഹൈക്കോടതിയെ സമീപിക്കുകയും നൽകാൻ കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഇത്തവണ ഓണത്തിന് 14 ഇനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യാനുള്ള തയാറെടുപ്പു നടക്കുമ്പോഴാണ് ഒരു ഗഡു കുടിശിക നൽകുന്നത്. ഓണക്കിറ്റിന് 15 രൂപ വീതം ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു റേഷൻ വ്യാപാരികൾ സർക്കാരിനു കത്തു നൽകിയിരുന്നു. റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്കു കാർഡ് ഉടമകളിൽനിന്നു നിശ്ചിത തുക ഈടാക്കണമെന്ന നിർദേശവുമായി സിവിൽ സപ്ലൈസ് വകുപ്പും സർക്കാരിനു കത്തു നൽകിയിട്ടുണ്ട്.
English Summary: Commission for ration kit