ജനപ്രതിനിധിയാകുന്നതെങ്ങനെ? എംഎൽഎ മാഷ് പഠിപ്പിക്കും
Mail This Article
തിരുവനന്തപുരം ∙ ജനപ്രതിനിധി ആകാൻ എന്തെല്ലാം പഠിക്കണം– കേരളത്തിലെ ഒരു എംഎൽഎ തന്നെ പാഠ്യപദ്ധതി തയാറാക്കി പരിശീലനം നൽകാൻ മുന്നോട്ടുവരുന്നു. കോൺഗ്രസിന്റെ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫിന്റേതാണ് ഉദ്യമം. പാർലമെന്ററി പ്രവർത്തനങ്ങൾ പരിചയപ്പെടാനും നേതൃശേഷി തിരിച്ചറിയാനുമുള്ള കളരിയുടെ പേര്: ‘എംഎൽഎയ്ക്കൊപ്പം നടക്കാം’. 21 വയസ്സ് കഴിഞ്ഞ ബിരുദധാരികൾക്ക് അപേക്ഷിക്കാം. 3 മാസത്തെ മുഴുവൻ സമയ പരിശീലനവും 6 മാസ പാർട്ട് ടൈം പദ്ധതിയുമാണ് ഉദ്ദേശിക്കുന്നത്. ഓരോ ബാച്ചിലും 10 പേർക്കാണ് അവസരം. ഫീസില്ല.
മണ്ഡലത്തിലെ എംഎൽഎ ഓഫിസുകൾ കേന്ദ്രീകരിച്ചാകും ഇന്റേൺഷിപ്. താഴെത്തട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ വിവിധ മേഖലകളിൽ സന്ദർശനവും ഉണ്ടാകും. നിയമസഭാ നടപടിക്രമങ്ങളും നിയമ നിർമാണത്തിന്റെ വിവിധതലങ്ങളും മനസ്സിലാക്കാൻ അവസരമൊരുക്കും. പാർലമെന്ററി നടപടിക്രമങ്ങൾ മനസ്സിലാക്കാൻ പലരും എംഎൽഎമാരെ സമീപിക്കുന്നതിൽനിന്നാണ് ആശയം ഉണ്ടായതെന്നു സജീവ് ജോസഫ് പറഞ്ഞു. ഫോൺ: 8448508100.
English Summary: Sajeev Joseph to teach how to become an mla