റോഡ് പുതുക്കൽ 5 വർഷത്തിലൊരിക്കൽ വേണമെന്നു കരാർ; കേരളത്തിൽ ലംഘനം
Mail This Article
തൃശൂർ ∙ ടോൾ നൽകി യാത്രചെയ്യുന്ന ദേശീയപാതകളുടെ ഉപരിതലം 5 വർഷത്തിലൊരിക്കൽ പൂർണമായും പുതുക്കണമെന്നു കരാർ രേഖ. സംസ്ഥാനത്ത് ഒരിടത്തും ഈ പുതുക്കൽ നടത്താതെയാണു ടോൾ പിരിക്കുന്നത്. ഈ പുതുക്കൽ നടക്കാത്തതുകൊണ്ടാണു റോഡുകൾ തകരുന്നത്. കരാർ ലംഘനം വ്യക്തമായാൽ ടോൾ പിരിക്കൽ നിർത്താൻ നിർദേശം നൽകേണ്ടതാണ്.
പതിവ് അറ്റകുറ്റപ്പണികൾ ഏതാണെന്നു കരാറിൽ പ്രത്യേകം പറയുന്നുണ്ട്. അതിനു പുറമെയാണ് 5 വർഷത്തിലൊരിക്കൽ പൂർണമായും ഉപരിതലം പുതുക്കണമെന്നു പറയുന്നത്. തൃശൂർ – അങ്കമാലി പാതയിൽ പാലിയേക്കരയിൽ ടോൾ പിരിക്കാൻ തുടങ്ങിയതു 2012 ഫെബ്രുവരി രണ്ടിനാണ്. അതിനുശേഷം റോഡ് പുതുക്കിയിട്ടില്ല. കരാർ പ്രകാരം 2 തവണ റോഡ് പുതുക്കേണ്ട സമയം കഴിഞ്ഞു. ഇതിനു പുറമേ അതാതു സമയത്തു റോഡ് ശക്തിപ്പെടുത്തുകയും വേണം. ട്രാഫിക് അനുസരിച്ചാണു ശക്തിപ്പെടുത്തുന്നതിന്റെ തോത് തീരുമാനിക്കുന്നത്. ഇതു നിർണയിക്കേണ്ടതു ദേശീയപാത അതോറിറ്റിയാണ്.
5 വർഷത്തിലൊരിക്കൽ പൂർണമായും റോഡ് പുതുക്കി എന്നുറപ്പാക്കേണ്ടത് അതോറിറ്റി ഉദ്യോഗസ്ഥരാണ്. ചിലയിടങ്ങളിൽ ഘട്ടങ്ങളായി റോഡ് പുതുക്കിയിട്ടുണ്ട്. എന്നാൽ 500 മീറ്ററിൽ താഴെ ദൂരം റോഡ് പുതുക്കുന്നതു ശക്തിപ്പെടുത്തലിന്റെ ഭാഗമായാണു കണക്കാക്കുക. എല്ലാംകൂടി ചേർത്തു റോഡ് പുതുക്കിയെന്ന രേഖ നൽകുകയാണു ചെയ്തതെന്നാണു സൂചന.
Content Highlight: Road maintenance document