കാഞ്ഞങ്ങാട്ട് റെയിൽപാളത്തിൽ ഇരുമ്പുപാളി വച്ച നിലയിൽ; അട്ടിമറി ശ്രമമെന്നു സൂചന
Mail This Article
കാഞ്ഞങ്ങാട് (കാസർകോട്) ∙ കോട്ടിക്കുളത്ത് റെയിൽപാളത്തിൽ കോൺക്രീറ്റിൽ ഉറപ്പിച്ച ഇരുമ്പുപാളി വച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞമാസം പാളത്തിൽ കല്ലുകൾ നിരത്തിവച്ചതായി കണ്ടെത്തിയതിനു സമീപമാണ് ഇതും. റെയിൽവേ അതീവ ഗൗരവത്തോടെയാണു സംഭവത്തെ കാണുന്നത്.
കണ്ണൂർ, കാസർകോട് ജില്ലകളിൽ പല സ്ഥലത്തും ട്രാക്കിൽ ബോധപൂർവം കല്ലുകൾ നിരത്തിയ പല സംഭവങ്ങളും അടുത്തിടെ ഉണ്ടായിരുന്നു. കാസർകോട് റെയിൽവേ പ്രൊട്ടക്ഷൻ പൊലീസ് സ്ഥലത്തെത്തി തടസ്സം നീക്കി പരിശോധന നടത്തി.
ബേക്കൽ–കോട്ടിക്കുളം പാതയിൽ കാസർകോട് ഭാഗത്തേക്കുള്ള ട്രാക്കിലാണു തടസ്സം സ്ഥാപിച്ചിരുന്നത്. റെയിൽവേ അറ്റകുറ്റപ്പണികളുടെ ഭാഗമായി നീക്കിയ ഭാഗമാണു തിരികെ ട്രാക്കിലെത്തിച്ചത്. ഭാരമുള്ള വസ്തുവായതിനാൽ ഒന്നിലധികം പേർ സംഭവത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണു കരുതുന്നത്. ബോധപൂർവം അട്ടിമറിക്കുള്ള ശ്രമമായി കണക്കാക്കി അന്വേഷണം നടത്തുമെന്നാണു സൂചന.
മംഗളൂരു–ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിലെ ലോക്കോ പൈലറ്റാണ് ട്രാക്കിലെ തടസ്സത്തിന്റെ കാര്യം ആർപിഎഫിനെ അറിയിച്ചത്. തടസ്സമുണ്ടായിരുന്ന ട്രാക്കിലൂടെ മറ്റു ട്രെയിനുകൾ വരാതിരുന്നതു വലിയ ദുരന്തം ഒഴിവാക്കി.
ഇതിനിടെ ചിത്താരിയിൽ ട്രെയിനിനു നേരെ കല്ലേറുണ്ടായി. കോയമ്പത്തൂർ – മംഗളൂരു ട്രെയിനിനു നേരെയാണു ചിത്താരി ഗ്രാൻഡ് ഓഡിറ്റോറിയത്തിനു പടിഞ്ഞാറു ഭാഗത്തായി ഇന്നലെ വൈകിട്ട് 5.22നു കല്ലേറുണ്ടായത്. സംഭവത്തിൽ ആർക്കും പരുക്കില്ല.
Content Highlight: Railway track