സ്വർണം തട്ടിയെടുക്കാൻ ശ്രമം; അർജുൻ ആയങ്കിയും 3 പേരും അറസ്റ്റിൽ
Mail This Article
കൊണ്ടോട്ടി/കണ്ണൂർ ∙ കോഴിക്കോട് വിമാനത്താവളംവഴി കടത്തിക്കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാൻ പദ്ധതിയിട്ട കേസിൽ ‘പൊട്ടിക്കൽ’ സംഘത്തലവൻ അർജുൻ ആയങ്കി(26) അടക്കം 4 പേർ അറസ്റ്റിൽ. കണ്ണൂർ അഴീക്കൽ കപ്പക്കടവ് സ്വദേശിയായ അർജുൻ, കൂട്ടാളികളായ അഴീക്കൽ നിറച്ചൻ വീട്ടിൽ പ്രണവ് (25), കണ്ണൂർ അരവഞ്ചാൽ കാണിച്ചേരി സനൂജ് (22), തിരുവനന്തപുരം വെമ്പായം എൻ.എൻ.മൻസിലിൽ നൗഫൽ (26) എന്നിവരെയാണ് പൊലീസിന്റെ പ്രത്യേക സംഘം കണ്ണൂർ പെരിങ്ങോം അരവഞ്ചാലിൽനിന്ന് പിടികൂടിയത്. 2 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
ഈ മാസം 9ന് കോഴിക്കോട് വിമാനത്താവളത്തിലാണ് കേസിന് ആസ്പദമായ സംഭവം. ജിദ്ദയിൽനിന്ന് തിരൂർ നിറമരുതൂർ കാവിട്ടിൽ മഹേഷ് കടത്തിയ സ്വർണമിശ്രിതം തട്ടിയെടുക്കാനായിരുന്നു ശ്രമം. ഇതിനായി വിമാനത്താവളത്തിന്റെ കവാടത്തിൽ കാത്തുനിന്ന 3 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മഹേഷിന്റെ അറിവോടെയാണ് സ്വർണം തട്ടിയെടുക്കുന്നതെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് അയാളെയും പിടികൂടി.
പരപ്പനങ്ങാടി നഗരസഭാ സിപിഎം കൗൺസിലറായിരുന്ന കെ.ടി.നഗറിലെ കുഞ്ഞിക്കണ്ണന്റെ പുരയ്ക്കൽ മൊയ്തീൻകോയയെയും തൊട്ടടുത്ത ദിവസം അറസ്റ്റ് ചെയ്തു. അർജുൻ ആയങ്കിയുടെ നിർദേശ പ്രകാരം മൊയ്തീൻ കോയയാണ് സംഘത്തെ അയച്ചതെന്നാണ് പൊലീസ് പറയുന്നത്.
English Summary: Arjun Ayanki and 3 others arrested