വീര വിക്രാന്ത് ഇന്ന് സേനയിൽ; ഇന്ത്യ തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമിച്ച ആദ്യ വിമാനവാഹിനി
Mail This Article
കൊച്ചി ∙ 140 കോടി ഇന്ത്യൻ ഹൃദയങ്ങളിൽനിന്ന് അലയടിക്കുന്ന അഭിമാന സാഗരം സാക്ഷിയായി ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാജ്യത്തിനു സമർപ്പിക്കും. ഇന്ത്യ 75–ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലുള്ള കമ്മിഷനിങ് ചടങ്ങിൽ, രണ്ടാം വിമാനവാഹിനി നിർമാണം സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നടത്തുമോ എന്ന് ഉറ്റു നോക്കുകയാണു രാജ്യം. ഇന്ത്യ തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമിച്ച ആദ്യ വിമാനവാഹിനിയാണ് വിക്രാന്ത്.
9.30ന് കപ്പൽശാലയിലെത്തുന്ന പ്രധാനമന്ത്രി 150 അംഗ ഗാർഡ് ഓഫ് ഓണർ പരിശോധിക്കും. നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, ദക്ഷിണനാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എം.എ.ഹംപിഹോളി, കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡ് സിഎംഡി മധു എസ്.നായർ എന്നിവരും പ്രസംഗിക്കും.
യുദ്ധക്കപ്പലിന്റെ കമാൻഡിങ് ഓഫിസർ കമ്മഡോർ വിദ്യാധർ ഹാർകെ കമ്മിഷനിങ് വാറന്റ് വായിക്കും. തുടർന്നു നാവികസേനയുടെ പുതിയ പതാക, നേവൽ എൻസൈൻ പ്രധാനമന്ത്രി അനാഛാദനം ചെയ്യും. കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കിൽ എത്തുന്ന പ്രധാനമന്ത്രി സൈനികരുടെ സല്യൂട്ട് സ്വീകരിക്കും. ഇതിനു ശേഷം കപ്പലിന്റെ മുൻഡെക്കിൽ ദേശീയപതാകയും പിൻഡെക്കിൽ പുതിയ നേവൽ എൻസൈനും ഉയർത്തും. കമ്മിഷനിങ് പ്ലേറ്റും അനാഛാദനം ചെയ്യും.
20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്റ്ററുകളും ഉൾപ്പെടെ 30 വിമാനങ്ങൾ ഒരേസമയം സൂക്ഷിക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള സൗകര്യം കപ്പലിലുണ്ട്. യുദ്ധവിമാനങ്ങൾ പറന്നുയരാൻ 2 റൺവേകളും ഇറങ്ങാൻ ഒരെണ്ണവുമുണ്ട്. 23,500 കോടി രൂപയാണു നിർമാണച്ചെലവ്.
English Summary: INS Vikrant to be commisoned today