ADVERTISEMENT

മുപ്പത് വയസ്സിനുള്ളിൽ താണ്ടേണ്ടിവന്ന കനൽവഴികളാണ് മേരി റോയിയെ നിർഭയയായ പോരാളിയാക്കിയത്. ആ കൂസലില്ലായ്‌മയായിരുന്നു അവരെ വ്യത്യസ്‌തയാക്കിയതും. ലോകമെമ്പാടും യാത്ര ചെയ്‌തിട്ടുള്ള അമ്മ സൂസി നല്ലൊരു പാട്ടുകാരിയും വയലിൻ വാദകയുമായിരുന്നു. അന്ന് ഇന്ത്യയുടെ വൈസ്രോയ് ആയിരുന്ന ലിൻലിൻത്‌ഗോ പ്രഭുവുമൊത്ത് ടെന്നിസ് കളിക്കാൻ അവസരം ലഭിച്ചിട്ടുള്ള സൂസിക്ക് പാരിസിൽ വച്ച് പ്രശസ്‌ത നർത്തകി ഇസദോര ഡങ്കന്റെ നൃത്തം കാണാനുള്ള ഭാഗ്യവുമുണ്ടായി.

റോഡ്‌സ് സ്‌കോളർഷിപ്പോടെ ബ്രിട്ടനിൽ പോയി പഠിച്ച ജോർജ് ഐസക് ആയിരുന്നു മേരിയുടെ ഏറ്റവും മൂത്ത സഹോദരൻ. അമ്മയും അച്‌ഛനും തമ്മിലുള്ള കലഹങ്ങളും അമ്മയ്‌ക്ക് ഏൽക്കേണ്ടി വന്ന ക്രൂരമർദനങ്ങളും കണ്ടാണു മേരി വളർന്നത്. ഭാര്യയെയും നാലു മക്കളെയും ഉപേക്ഷിച്ചുപോയ ഐസക് വിചിത്രമായൊരു പ്രതികാരമെന്നവണ്ണം വിൽപ്പത്രമെഴുതി വയ്‌ക്കാതെ മരിക്കുകയും ചെയ്‌തു. തിരുവിതാംകൂർ ക്രിസ്‌ത്യൻ പിന്തുടർച്ചാവകാശ നിയമത്തിനെതിരെ മേരിക്കു കോടതി കയറേണ്ടി വന്ന സാഹചര്യം അങ്ങനെയാണുണ്ടായത്.

മദ്രാസിലെ ക്വീൻ മേരീസ് കോളജിൽനിന്ന് ബിരുദമെടുത്ത ശേഷം കൽക്കട്ടയിലെ മെറ്റൽ ബോക്‌സ് കമ്പനിയിൽ സെക്രട്ടറിയായി ജോലി ചെയ്യുമ്പാഴായിരുന്നു രാജീബ് റോയ് എന്ന ബംഗാളിയുടെ വിവാഹാഭ്യർഥന. കൽക്കട്ടയിലെ ചണ മില്ലിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്‌തിരുന്ന രാജീബിനെ മേരി വിവാഹം ചെയ്‌തു.

കൽക്കട്ട വിട്ട് അസമിലെ തേയില എസ്‌റ്റേറ്റിൽ ഉയർന്ന പദവിയുള്ള ജോലിയിൽ പ്രവേശിച്ച ഭർത്താവിനൊപ്പം സമ്പൽസമൃദ്ധമായിരുന്നു ജീവിതം. കാറുകളും മുപ്പതോളം വീട്ടുജോലിക്കാരുമായി രാജ്‌ഞിയെപ്പോലെ കഴിഞ്ഞ മേരി പക്ഷേ കഷ്‌ടിച്ച് അഞ്ചു വർഷം മാത്രമേ ആ ദാമ്പത്യത്തിൽ തുടർന്നുള്ളൂ. രാജീബ് റോയിയുടെ കടുത്ത മദ്യപാനമായിരുന്നു വില്ലനായെത്തിയത്.

അഞ്ചു വയസുള്ള മകൻ ലളിതിന്റെ കൈപിടിച്ച്, മൂന്നു വയസുള്ള മകൾ അരുന്ധതിയെയും ഒക്കത്തിരുത്തി മേരി ഊട്ടിയിലെത്തി. പിതാവ് ഐസക്കിന്റെ പേരിലുള്ള  കോട്ടജിൽ താമസം തുടങ്ങിയപ്പോഴാണ് പിന്തുടർച്ചാവകാശ നിയമത്തിന്റെ പേരിൽ വീട്ടുകാർ അവരെ നിർദയം ഒഴിപ്പിച്ചത്. മേരി റോയ് എന്ന പോരാളി പിറന്നത് ഊട്ടിയിലെ ആ ദുരിതനാളുകളിലാണ്, പിന്നീടു നടന്നതെല്ലാം ചരിത്രം. 

Content Highlight: Mary Roy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com