ADVERTISEMENT

പള്ളിക്കൂടത്തി’ലെ നീന്തൽക്കുളത്തിനരികിൽ ഇംഗ്ലിഷിലെഴുതിയ ബോർഡിൽ പറഞ്ഞിരുന്നത് ഇങ്ങനെയാണ്: ‘നീന്തലറിയാമെന്നു നടിക്കരുത്’. നിയമത്തെക്കാൾ നീതിനിഷേധത്തിന്റെ ആഴമറിഞ്ഞാണു മേരി റോയ് കളത്തിലിറങ്ങിയത്. തമിഴ്നാട്ടിലും സുപ്രീം കോടതിയിലും കേരളത്തിലെ കോടതികളിലും ഹർജിക്കാരിയായി, എല്ലായിടത്തും ജയിച്ചു. ലഭിക്കാവുന്ന സ്വത്തിന്റെ വലുപ്പമല്ല, തന്റെ ബോധ്യം ശരിയെന്നു തെളിയിക്കാനുള്ള വാശിയാണ് മേരി റോയിയെ മുന്നോട്ടു നയിച്ചത്. 

സിവിൽ റിട്ട് ഹർജി 8260 (1983)

മേരി റോയിയും മറ്റുള്ളവരും ഹർജിക്കാർ. കേരള സർക്കാർ എതിർകക്ഷി. ഈ കേസിലെ വിധിയാണ് മേരി റോയിയുടെ പോരാട്ടം പ്രസിദ്ധമാക്കിയത്. മൂവാറ്റുപുഴക്കാരായ ഏലിക്കുട്ടി ചാക്കോയും മറിയക്കുട്ടി തൊമ്മനുമാണ് മേരി റോയിക്കൊപ്പം ഹർജിക്കാരായ ‘മറ്റുള്ളവർ’. 

കൊല്ലവർഷം 1092 ൽ പ്രാബല്യത്തിലായ തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലെ ചില വകുപ്പുകൾ ഭരണഘടനാവിരുദ്ധമാണ്; സംസ്ഥാനങ്ങളിലെ നിയമങ്ങൾ സംബന്ധിച്ച 1951 ലെ നിയമം പ്രാബല്യത്തിലായതോടെ തിരുവിതാംകൂർ നിയമം അസാധുവായി; പകരം, ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമമാണ് തിരുവിതാംകൂർ–കൊച്ചിക്കാരായ ക്രൈസ്തവർക്കും ബാധകം, ഇവയായിരുന്നു പ്രധാന വാദങ്ങൾ. 

പിതാവ് വിൽപത്രം എഴുതിവയ്ക്കാതെ മരിച്ചാൽ, പിതൃസ്വത്തിൽ നിന്നു മകനു ലഭിക്കുന്നതിന്റെ നാലിലൊന്നിനോ 5000 രൂപയ്ക്കോ (ഏതാണോ കുറവ്, അത്) മാത്രം മകൾക്ക് അവകാശം എന്നായിരുന്നു തിരുവിതാംകൂർ നിയമത്തിലെ വ്യവസ്ഥ. സ്ത്രീധനം ലഭിച്ചിട്ടുണ്ടെങ്കിലോ അതിനുള്ള വാഗ്ദാനമുണ്ടെങ്കിലോ തുകയ്ക്ക് മകൾക്ക് അവകാശമില്ല. പിതൃസ്വത്തിൽ മകൾക്ക് തുല്യാവകാശം നൽകാത്തത് വിവേചനമാണെന്നും അത് തുല്യത സംബന്ധിച്ച 14–ാം ഭരണഘടനാ വകുപ്പിന്റെ ലംഘനമാണെന്നും മേരി റോയി വാദിച്ചു. 

സംസ്ഥാനങ്ങൾക്കു ബാധകമാകുന്ന നിയമങ്ങൾ സംബന്ധിച്ച് പാർലമെന്റ് പാസാക്കിയ നിയമം 1951 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിലാണ്; അത് തിരുവിതാംകൂർ–കൊച്ചി സംസ്ഥാനത്തിനും ബാധകമാണ്; അതിനാൽ തിരുവിതാംകൂർ നിയമം റദ്ദായെന്നും ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമമാണ് തിരുവിതാംകൂറിലെ ക്രൈസ്തവർക്കും ബാധകമെന്നും ചീഫ് ജസ്റ്റിസ് പി.എൻ.ഭഗവതിയും ജസ്റ്റിസ് ആർ.എസ്.പാഠക്കും 1986 ഫെബ്രുവരി 24ന് വിധിച്ചു.

വിധിയിലൂടെ, തിരുവിതാംകൂറിലെ ക്രൈസ്തവ സ്ത്രീകൾക്ക് പിതൃസ്വത്തിൽ മുൻകാല പ്രാബല്യത്തോടെ തുല്യാവകാശം സ്ഥാപിക്കപ്പെട്ടു. തിരുവിതാംകൂർ നിയമത്തിലെ വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്ന വാദത്തിന് സുപ്രീം കോടതി മറുപടി പറഞ്ഞില്ല. അത് വിമർശനത്തിനും കാരണമായി. 

മുൻകാല പ്രാബല്യമെന്നതിനെതിരെ സമുദായത്തിൽനിന്ന് എതിർപ്പുയർന്നു. മുൻകാല പ്രാബല്യം നടപ്പാക്കുക പ്രയാസമെന്നു സർക്കാർ നിലപാടെടുത്തു. വിധിയെ ദുർബലമാക്കാൻ പാർലമെന്റിലും കേരള നിയമസഭയിലും നിയമങ്ങൾ പാസാക്കാനുള്ള ശ്രമം വിജയിച്ചില്ല. ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലുകളുടെ പട്ടികയിലാണ് മേരി റോയ് കേസിലെ വിധിയുടെ സ്ഥാനം.

Content Highlight: Mary Roy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com