ഇൻഡിഗോ മാപ്പു പറഞ്ഞെന്ന് ജയരാജൻ; സ്ഥിരീകരിക്കാതെ വിമാനക്കമ്പനി
Mail This Article
കണ്ണൂർ ∙ യാത്രാവിലക്ക് ഏർപ്പെടുത്തിയതിൽ ഇൻഡിഗോ വിമാനക്കമ്പനി തന്നോടു മാപ്പു പറഞ്ഞെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ വെളിപ്പെടുത്തലിന് ഇൻഡിഗോയുടെ ഭാഗത്തുനിന്നു സ്ഥിരീകരണമില്ല. വ്യക്തികൾക്ക് ഏർപ്പെടുത്തുന്ന യാത്രാ വിലക്കു സംബന്ധിച്ച നടപടി തെറ്റായിപ്പോയെന്ന തരത്തിൽ വിളിച്ചു മാപ്പു പറയുന്ന കീഴ്‌വഴക്കം ഇല്ലെന്നാണ് ഇൻഡിഗോയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം.
ഇൻഡിഗോയുടെ മുംബൈ ഓഫിസിൽനിന്ന് റീജനൽ മാനേജർ പദവിയിലുള്ള മലയാളിയായ ഉദ്യോഗസ്ഥൻ വിളിച്ചെന്നും യാത്രാവിലക്ക് ഏർപ്പെടുത്തിയതു തങ്ങൾക്കു പറ്റിയ പിശകാണെന്ന രീതിയിൽ സംസാരിച്ചെന്നുമാണ് ഇ.പി.ജയരാജൻ കഴിഞ്ഞദിവസം ചാനലുകളോടു പറഞ്ഞത്. പിശകു പറ്റിയതായി രേഖാമൂലം അറിയിച്ചാൽ ഇൻഡിഗോയിൽ ഇനി യാത്ര ചെയ്യില്ലെന്ന തന്റെ തീരുമാനം പുനപരിശോധിക്കാമെന്ന് അറിയിച്ചതായും ജയരാജൻ വെളിപ്പെടുത്തിയിരുന്നു.
വിവരങ്ങൾക്കായി വിമാനക്കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടില്ല. മുംബൈ ഓഫിസിൽ ജയരാജൻ പറഞ്ഞതുപോലെ റീജനൽ മാനേജർ പദവിയിൽ മലയാളിയായ ഉദ്യോഗസ്ഥൻ ഇല്ലെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവർ നൽകുന്ന അനൗദ്യോഗിക വിവരം.
ജൂലൈ 18നാണ് ഇ.പി.ജയരാജന് ഇൻഡിഗോ 3 ആഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്തുവെന്ന പരാതിയെ തുടർന്നായിരുന്നു ഇത്.
English Summary: EP Jayarajan Speas on Protest Inside Flight