ADVERTISEMENT

തിരുവനന്തപുരം ∙ കേരള നിയമസഭയുടെ 24–ാം സ്പീക്കറായി തലശ്ശേരിയിൽനിന്നുള്ള സിപിഎം അംഗം എ.എൻ.ഷംസീറിനെ (45) തിരഞ്ഞെടുത്തു. ഷംസീർ 96 വോട്ടും കോൺഗ്രസിന്റെ സ്ഥാനാർഥി അൻവർ സാദത്ത് 40 വോട്ടും നേടി. ഭരണപക്ഷത്തെ മന്ത്രി റോഷി അഗസ്റ്റിനും ദലീമയും പ്രതിപക്ഷത്തെ യു.എ.ലത്തീഫും വിദേശത്തായതിനാൽ വോട്ടു ചെയ്യാനെത്തിയില്ല. സഭാധ്യക്ഷനായ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ഷംസീറിനു വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. മുഖ്യമന്ത്രിയാണ് ആദ്യം വോട്ടു ചെയ്തത്. ഒരു മണിക്കൂർ നീണ്ട വോട്ടെടുപ്പിൽ മുന്നണി മാറി വോട്ടു ചെയ്യലോ അസാധു വോട്ടോ ഉണ്ടായില്ല.

ഷംസീർ വിജയിച്ചതായി പ്രഖ്യാപിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചേർന്ന് അദ്ദേഹത്തെ സഭാധ്യക്ഷന്റെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും എല്ലാ കക്ഷി നേതാക്കളും മന്ത്രി എം.ബി.രാജേഷും അൻവർ സാദത്തും സ്പീക്കറെ അഭിനന്ദിച്ചു പ്രസംഗിച്ചു.

ആദ്യം എൽഡിഎഫിന് ഒരു വോട്ടു കുറഞ്ഞു; വീണ്ടും എണ്ണിയപ്പോൾ കൃത്യം

തിരുവനന്തപുരം ∙ സ്പീക്കർ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ‌ ആദ്യം പിഴച്ചു. എണ്ണൽ കഴിഞ്ഞപ്പോൾ എൽഡിഎഫിന് 95 വോട്ടും യുഡിഎഫിന് 40 വോട്ടും. നിയമസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന വോട്ടെണ്ണൽ നിരീക്ഷിക്കാൻ എൽഡിഎഫ് കടകംപള്ളി സുരേന്ദ്രനെയും യുഡിഎഫ് ടി.ജെ.വിനോദിനെയുമാണു നിയോഗിച്ചത്. 41 അംഗങ്ങളുള്ള തങ്ങൾക്ക് ഒരാൾ എത്താത്തിനാൽ കിട്ടേണ്ട വോട്ട് 40 തന്നെയാണെന്നു വിനോദ് പറഞ്ഞു. എൽഡിഎഫിന് 96 വോട്ടാണു ലഭിക്കേണ്ടിയിരുന്നത്. ഒരു വോട്ടിന്റെ കുറവ് ശ്രദ്ധയിൽപെട്ടതോടെ വീണ്ടും എണ്ണിയപ്പോൾ കണക്ക് ശരിയായി.

രണ്ടാമൻ രാധാകൃഷ്ണൻ

എം.വി.ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും സ്പീക്കർ സ്ഥാനമൊഴിഞ്ഞ് എം.ബി.രാജേഷ് മന്ത്രിയാവുകയും ചെയ്തതോടെ നിയമസഭയിൽ ഭരണപക്ഷ മുൻനിരയിലെ ഇരിപ്പിടങ്ങളിൽ മാറ്റം. മുഖ്യമന്ത്രിക്കു സമീപം രണ്ടാം സ്ഥാനക്കാരനായിരുന്ന എം.വി.ഗോവിന്ദന്റെ സ്ഥാനത്തേക്കു മന്ത്രി കെ.രാധാകൃഷ്ണൻ എത്തി. സിപിഎം കേന്ദ്ര കമ്മിറ്റിയിലെ ഏറ്റവും മുതിർന്ന നേതാവെന്ന നിലയിലാണ് രണ്ടാം സീറ്റ് നൽകിയത്.

രാധാകൃഷ്ണൻ നേരത്തേ ഇരുന്ന മുൻനിരയിലെ എട്ടാമത്തെ കസേര എം.ബി.രാജേഷിനു നൽകി. മുൻ സ്പീക്കർമാർക്കു മുൻനിരയിൽ ഇരിപ്പിടം നൽകുന്നതിന്റെ ഭാഗമായാണിത്. രണ്ടാം നിരയിൽ മന്ത്രിമാർ കഴിഞ്ഞു തൊട്ടടുത്ത ഇരിപ്പിടം എം.വി.ഗോവിന്ദനു നൽകി. ‘ചെയറി’ലേക്കു പോയ എ.എൻ.ഷംസീർ നേരത്തേ മൂന്നാം നിരക്കാരനായിരുന്നു.

English Summary: AN Shamseer elected as 24th Speaker of Kerala Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com