ADVERTISEMENT

ബെയ്റൂട്ട് ∙ കുരിശിന്റെ പുകഴ്ചയുടെ പെരുന്നാളിൽ യാക്കോബായ സഭയുടെ രണ്ടു മെത്രാപ്പൊലീത്തമാർ കൂടി അഭിഷിക്തരായി. ലബനനിലെ പാത്രിയർക്കാ ആസ്ഥാനത്ത് സെന്റ് മേരീസ് ചാപ്പലിൽ നടന്ന അഭിഷേക ശുശ്രൂഷകളിൽ ഗീവർഗീസ് കുറ്റിപറിച്ചേൽ റമ്പാനെ ഗീവർഗീസ് മാർ സ്‌തേഫാനോസ് എന്നും മർക്കോസ് ചെമ്പകശേരിൽ റമ്പാനെ മർക്കോസ് മാർ ക്രിസ്‌റ്റഫോറസ് എന്നും പേരുചൊല്ലി വിളിച്ചു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ശുശ്രൂഷകളിൽ മുഖ്യ കാർമികനായി. 

മൂന്നു മണിക്കൂർ നീണ്ട ശുശ്രൂഷകളിൽ യാക്കോബായ സഭയിൽ നിന്നുള്ള 15 മെത്രാപ്പൊലീത്തമാരും സിറിയ, ലബനൻ എന്നിവിടങ്ങളിൽ നിന്നുള്ള 10 ബിഷപ്പുമാരും സഹകാർമികരായി. പരിശുദ്ധ പാത്രിയർക്കീസ് ബാവായെയും മറ്റു മെത്രാപ്പൊലീത്തമാരെയും വിശ്വാസിസമൂഹം പ്രദക്ഷിണമായി ചാപ്പലിലേക്കു വരവേറ്റതോടെ ചടങ്ങുകൾക്കു തുടക്കമായി. 

നിയുക്ത മെത്രാൻ സ്ഥാനികളെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, ഗീവർഗീസ് മാ‍ർ അത്തനാസിയോസ് എന്നിവർ അനുഗമിച്ചു. നിയുക്ത മെത്രാപ്പൊലീത്തമാരുടെ ബന്ധുക്കൾക്കു പുറമേ അമേരിക്ക, യുകെ., ഷാർജ, ദുബായ്, മസ്‌കത്ത് എന്നിവിടങ്ങളിൽ നിന്നായി 350 പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. 

യാക്കോബായ സുറിയാനി സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, ഗീവർഗീസ് മാർ അത്തനാസിയോസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, എൽദോ മാർ തീത്തോസ്, കുര്യാക്കോസ് മാർ യൗസേബിയോസ്, മർക്കോസ് മാർ ക്രിസോസ്റ്റമോസ്, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ ഇവാനിയോസ്, ആയൂബ് മാർ സിൽവാനിയോസ്, യാക്കോബ് മാർ അന്തോണിയോസ്, കുര്യാക്കോസ് മാർ ക്ല‌ിമ്മീസ്, സഖറിയാസ് മാർ പീലക്‌സ‌ിനോസ്, ഏലിയാസ് മാർ യൂലിയോസ്, ഡോ. മാത്യൂസ് മാർ അന്തിമോസ്, മാത്യൂസ് മാർ ത‌ിമോത്തിയോസ് എന്നിവരും ശുശ്രൂഷകളിൽ സഹകാർമികരായി. 

സ്ലീബാ പെരുന്നാൾ ശുശ്രൂഷയ്ക്കു ശേഷമായിരുന്നു സ്ഥാനാഭിഷേക ശുശ്രൂഷകൾക്കു തുടക്കം. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മുൻപിൽ മുട്ടുകുത്തി നിന്ന മെത്രാൻസ്ഥാനികളുടെ ശിരസ്സിൽ വിശുദ്ധ വേദപുസ്തകം വച്ചു വായിച്ചു. തുടർന്നു മെത്രാൻസ്ഥാനികൾ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മുൻപാകെ വിശ്വാസം ഏറ്റുപറഞ്ഞ് ഉടമ്പടി ചെയ്തു. പ്രധാന കാർമികൻ നിയുക്ത മെത്രാന്മാരെ തന്റെ അംശവസ്ത്രത്തിനുള്ളിൽ അണച്ചുപിടിച്ചു അഭിഷേകം നടത്തി പേർചൊല്ലി വിളിച്ചു. 

സ്ഥാനചിഹ്‌നങ്ങളായ അംശ വസ്ത്രം ധരിപ്പിച്ചു വലതു കയ്യിൽ സ്ലീബ നൽകി. തുടർന്നു സിംഹാസനത്തിൽ ഇരുത്തി വൈദികർ ഉയർത്തി 'ഞാൻ നല്ല ഇടയനാകുന്നു, നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കും' എന്ന വേദ ഭാഗം വായിച്ചു. ഈ സമയം നവാഭിഷിക്തരായ മെത്രാപ്പൊലീത്തമാർ വിശ്വാസികളെ അനുഗ്രഹിച്ചു. വിശ്വാസികൾ 'ഇവൻ യോഗ്യൻ' എന്ന അർഥമുള്ള ‘ഓസ്‌കിയോസ്, ഓസ്‌കിയോസ്’ എന്നു പ്രതിവാക്യം ചൊല്ലി. പുതിയ മെത്രാപ്പൊലീത്തമാർക്ക് അംശവടിയും നൽകി. 

ശുശ്രൂഷകളിൽ പങ്കെടുത്തവർക്കു പരിശുദ്ധ പാത്രിയർക്കീസ് ബാവാ വിരുന്നൊരുക്കിയിരുന്നു. മലബാർ ഭദ്രാസന സെക്രട്ടറി ഫാ. മത്തായി അതിരമ്പുഴയിൽ, യാക്കോബായ സഭ മുൻ ജോയിന്റ് സെക്രട്ടറി കെ.പി. തോമസ്, അലക്‌സാണ്ടർ തോമസ്, സഭാ വർക്കിങ് കമ്മിറ്റി അംഗം സാബു പട്ടശേരിൽ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. ഗീവർഗീസ് മാർ സ്‌തേഫാനോസ് മലബാർ ഭദ്രാസനത്തിലെ സിംഹാസന പള്ളികളുടെ ചുമതല വഹിക്കും. മർക്കോസ് മാർ ക്രിസ്‌റ്റഫോറസ് പാത്രിയർക്കാ ആസ്ഥാനത്തു മലങ്കര കാര്യങ്ങളുടെ സെക്രട്ടറിയായി തുടരും. ഗീവർഗീസ് മാർ സ്‌തേഫാനോസ് നാളെയും മർക്കോസ് മാർ ക്രിസ്‌റ്റഫോറസ് 17നും കൊച്ചിയിൽ എത്തും. 

English Summary: Metropolitan consecration in jacobite church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com