ADVERTISEMENT

മണ്ണാർക്കാട് ∙ മധു കേസ് വിചാരണയ്ക്കിടെ ദൃശ്യങ്ങൾ വ്യക്തമാകുന്നില്ലെന്നു പറഞ്ഞ സാക്ഷിയുടെ കണ്ണു പരിശോധിച്ച ഡോക്ടറുടെ മൊഴി കോടതി രേഖപ്പെടുത്തി. കൂറുമാറിയ സാക്ഷി സുനിൽകുമാറിനു വ്യക്തമായ കാഴ്ചയുണ്ടെന്നു ജില്ലാ ആശുപത്രിയിലെ നേത്രവിഭാഗം ഡോക്ടർ നയന രാമൻകുട്ടിയാണു മൊഴി നൽകിയത്. സുനിൽകുമാറിനെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണു ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയത്. കൗണ്ടർ ഹർജി നൽകാൻ കോടതി അനുമതി നൽകി. ഇന്നലെ വിസ്തരിച്ച രണ്ടു സാക്ഷികളും പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. 40ാം സാക്ഷി ലക്ഷ്മി പ്രതിഭാഗത്തിന്റെ വിസ്താരത്തിനിടെ വിങ്ങിക്കരഞ്ഞു. 

കുടുംബശ്രീ കോഓർഡിനേറ്ററായിരുന്ന ലക്ഷ്മി ജോലിയുടെ ഭാഗമായി പോകുമ്പോൾ സൈലന്റ്‌വാലി ഇൻഫർമേഷൻ ഓഫിസിനു സമീപമെത്തിയപ്പോൾ ഒരു കൂട്ടം ആളുകൾ മധുവിനെ ചാക്ക് കെട്ടു തോളിലേറ്റി കൊണ്ടുവരുന്നതു കണ്ടുവെന്ന പൊലീസിനു നൽകിയ മൊഴിയിൽ ഉറച്ചു നിന്നു. പ്രതിഭാഗത്തിന്റെ വിചാരണയ്ക്കിടെ വിങ്ങിക്കരഞ്ഞ ലക്ഷ്മിയെ ജഡ്ജി കെ.എം.രതീഷ്കുമാർ ആശ്വസിപ്പിച്ചു. മധുവിനു മാത്രമല്ല തങ്ങളുടെ സമുദായത്തിനും ഇപ്പോഴും നീതി അകലെയാണെന്നതാണു വസ്തുത. ഇക്കാര്യങ്ങൾ ഓർത്തപ്പോഴാണു സങ്കടം വന്നതെന്നു ലക്ഷ്മി പറഞ്ഞു. 

സ്പെഷൽ പ്രോസിക്യൂട്ടറുടെ പ്രകടനത്തിൽ അതൃപ്തി

മണ്ണാർക്കാട്∙ മധു കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രകടനത്തിൽ അതൃപ്തി അറിയിച്ചു കോടതി. 40ാം സാക്ഷി ലക്ഷ്മിയെ പ്രതിഭാഗം അഭിഭാഷകർ വിചാരണ ചെയ്ത ശേഷം പ്രോസിക്യൂട്ടർ വീണ്ടും വിചാരണ ചെയ്തെങ്കിലും കൂടുതൽ വ്യക്തത വരുത്താതെ വിചാരണ അവസാനിപ്പിച്ചപ്പോഴാണു ജഡ്ജി കെ.എം.രതീഷ്കുമാർ അതൃപ്തി അറിയിച്ചത്.

Content Highlight: Madhu Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com