അറ്റ്ലസ് രാമചന്ദ്രന് യാത്രാമൊഴി; മൃതദേഹം ദുബായിൽ സംസ്കരിച്ചു
Mail This Article
ദുബായ് ∙ വിശ്വാസം ജനകോടികളിൽ അർപ്പിച്ച അറ്റ്‌ലസ് രാമചന്ദ്രൻ (എം.എം.രാമചന്ദ്രൻ – 80) ഓർമയായി. ബാങ്ക് ഉദ്യോഗസ്ഥനായി തുടങ്ങി സ്വർണ വ്യാപാര രംഗത്ത് സ്വന്തം സാമ്രാജ്യം സൃഷ്ടിച്ച രാമചന്ദ്രൻ, വ്യവസായ ലോകത്തെ ഉയർച്ച താഴ്ചകളുടെ നേർച്ചിത്രം കൂടിയാണ്.
സിനിമാ നിർമാണം, വിതരണം, അഭിനയം തുടങ്ങിയ മേഖലകളിൽ കഴിവു തെളിയിച്ച രാമചന്ദ്രൻ വൈശാലി, വാസ്തുഹാര, ധനം ഉൾപ്പടെ ഒരുപിടി നല്ല ചിത്രങ്ങൾ മലയാളത്തിനു സമ്മാനിച്ചു. അറ്റ്ലസ് ജ്വല്ലറിയുടെ തകർച്ച ശരീരത്തെയും മനസ്സിനെയും ബാധിച്ചെങ്കിലും സഹൃദയത്വവും ആത്മവിശ്വാസവും കൈമുതലാക്കി പിടിച്ചുനിന്നു. പൊതുവേദികളിൽ സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. ഞായറാഴ്ച പ്രാദേശിക സമയം രാത്രി 11ന് (ഇന്ത്യൻ സമയം 12.30) ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ജബൽ അലിയിലെ സോനാപുർ ശ്മശാനത്തിൽ സംസ്കരിച്ചു. സഹോദരൻ എം.എം.രാമപ്രസാദ് മേനോൻ ചിതയ്ക്കു തിരി കൊളുത്തി. ഭാര്യ: ഇന്ദിര. മക്കൾ: ഡോ. മഞ്ജു, ശ്രീകാന്ത്. മരുമകൻ അരുൺ.
English Summary: Atlas Ramachandran passes away