എതിർചേരിയെ വെട്ടിയൊതുക്കി; കാനം രാജേന്ദ്രൻ മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറി
Mail This Article
തിരുവനന്തപുരം ∙ എതിർചേരിയെ വെട്ടിയൊതുക്കി പൂർണ നിയന്ത്രണം പിടിച്ചെടുത്ത കാനം രാജേന്ദ്രൻ മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി. വെല്ലുവിളി ഉയർത്തുമെന്നു പ്രതീതി ഉയർത്തിയിരുന്ന കെ.ഇ.ഇസ്മായിലും സി.ദിവാകരനും 75 എന്ന പ്രായപരിധിയിൽ തട്ടി സംസ്ഥാന കൗൺസിലിൽനിന്നു പുറത്തായി.
പ്രായപരിധി നിർദേശം ചോദ്യം ചെയ്യാനുള്ള ഇസ്മായിൽ പക്ഷത്തിന്റെ നീക്കം സംസ്ഥാന സമ്മേളനത്തിലോ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കൗൺസിലിന്റെ ആദ്യ യോഗത്തിലോ നടന്നില്ല. കലാപക്കൊടി താഴ്ത്തേണ്ടി വന്ന ഇസ്മായിൽ തന്നെയാണ് ദേശീയ നിർവാഹകസമിതി അംഗമെന്ന നിലയിൽ സെക്രട്ടറി സ്ഥാനത്തേക്കു കാനത്തിന്റെ പേര് നിർദേശിച്ചത്. കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പിന്താങ്ങി.
മുൻ എംഎൽഎമാരായ ഇ.എസ്.ബിജിമോൾ, പി.രാജു എന്നിവരും സംസ്ഥാന കൗൺസിലിൽനിന്നു പുറത്തായി. ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ തോൽപിക്കപ്പെട്ടതിന്റെ പേരിൽ ഇടഞ്ഞ ബിജിമോളെ സംസ്ഥാന കൗൺസിൽ പട്ടികയിൽ ഉൾപ്പെടുത്താൻ ജില്ലാ ഘടകം തയാറായില്ല.
എറണാകുളത്തുനിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പു നടത്തിയപ്പോഴാണ് പി.രാജു, കെ.എൻ.സുഗതൻ, എം.ടി.നിക്സൻ, എസ്.ശ്രീകുമാരി എന്നീ സംസ്ഥാന കൗൺസിൽ അംഗങ്ങൾ തോറ്റു പുറത്തായത്. ജില്ലാ സമ്മേളനത്തിൽ എറണാകുളം പിടിച്ച കാനം പക്ഷം അവിടത്തെ ഇസ്മായിൽ പക്ഷ നേതാക്കളെ ഒഴിവാക്കുകയായിരുന്നു. പി.കെ.വാസുദേവൻ നായരുടെ മകൾ ശാരദ മോഹൻ ജില്ലയിൽനിന്നു മത്സരിച്ച് സംസ്ഥാന കൗൺസിലിലെത്തി.
കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാനെന്ന നിലയിൽ പന്ന്യൻ രവീന്ദ്രൻ കൗൺസിലിൽനിന്നു മാറി. 75 പിന്നിട്ട സംസ്ഥാന നിർവാഹകസമിതി അംഗം എ.കെ.ചന്ദ്രൻ, മുൻ എംഎൽഎ എൻ.അനിരുദ്ധൻ എന്നിവരും ഒഴിവായി.
കേരളത്തിൽ പാർട്ടിയുടെ അംഗബലം കൂടിയതിനാൽ നിലവിലെ 96 അംഗ കൗൺസിലിൽ 5 പേരെ കൂടി ചേർക്കാൻ കേന്ദ്ര നേതൃത്വം അനുമതി നൽകി. 101 അംഗ സംസ്ഥാന കൗൺസിലിൽ 25 പേർ പുതുമുഖങ്ങളാണ്. 15 പേർ വനിതകളും. പഴയ കൗൺസിലിലെ 20 പേർ ഒഴിവായി. കൗൺസിലിൽ കാനം വിഭാഗം വൻ ആധിപത്യം ഉറപ്പാക്കി. സംസ്ഥാന നിർവാഹകസമിതി അംഗങ്ങളെയും അസിസ്റ്റന്റ് സെക്രട്ടറിമാരെയും വിജയവാഡയിൽ ഈ മാസം 14 മുതൽ 18 വരെ നടക്കുന്ന പാർട്ടി കോൺഗ്രസിനു ശേഷം തിരഞ്ഞെടുക്കും.
നെഞ്ചിൽ കഠാര കുത്തിയിറക്കിയ വേദന: ഇസ്മായിൽ
തിരുവനന്തപുരം ∙ തനിക്കു ‘ക്യാപിറ്റൽ പണിഷ്മെന്റ്’ വിധിക്കണമെന്ന് ഒരു പ്രതിനിധി പറഞ്ഞുകേട്ടപ്പോൾ നെഞ്ചിൽ കഠാര കുത്തിയിറക്കുന്ന വേദനയാണു തോന്നിയതെന്നു സംസ്ഥാന സമ്മേളനത്തിൽ കെ.ഇ.ഇസ്മായിൽ വികാരാധീനനായി പറഞ്ഞു. പാർട്ടിയാണ് തനിക്ക് എല്ലാമെന്നു പറഞ്ഞ ഇസ്മായിൽ സി.കെ.ചന്ദ്രപ്പൻ തന്റെയും നേതാവാണെന്നു പ്രഖ്യാപിച്ചതും ശ്രദ്ധേയം. ഇസ്മായിലിന്റെ വിടവാങ്ങൽ പ്രസംഗത്തിനു വലിയ കരഘോഷമുണ്ടായി.
English Summary: Kanam Rajendran elected as CPI state secretary