വിമർശനം പാരയായി, ബിജിമോളും ഔട്ട്
Mail This Article
തിരുവനന്തപുരം ∙ ‘വിക്കറ്റ് വീണു. സ്വയം തെറിപ്പിച്ചതാണ്. താമസിയാതെ ടീമിൽ നിന്നു പുറത്തായേക്കും’– സിപിഐ സംസ്ഥാന കൗൺസിൽ, പാർട്ടി കോൺഗ്രസ് പ്രതിനിധി എന്നീ സ്ഥാനങ്ങളിൽ നിന്ന് മുൻ എംഎൽഎ ഇ.എസ്.ബിജിമോൾ ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് ഒരു മുതിർന്ന നേതാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇടുക്കി ജില്ലാ സെക്രട്ടറി പദത്തിലേക്കുള്ള മത്സരവും പാർട്ടി ജില്ലാ നേതൃത്വത്തിനെതിരെ നടത്തിയ വിമർശനങ്ങളും ബിജിമോളെ തഴയാനുളള കാരണങ്ങളായെന്ന് സൂചനയുണ്ട്.
3 തവണ എംഎൽഎയായ ബിജിമോൾ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത് പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. മത്സരത്തിനു ശേഷം രൂക്ഷമായ ഭാഷയിൽ ജില്ലയിലെ പാർട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തി സമൂഹ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പും തിരിച്ചടിയായി.
സംസ്ഥാന കൗൺസിലിലേക്കുള്ള പട്ടികയിൽ ബിജിമോളെ ഉൾപ്പെടുത്താൻ ഇടുക്കി ജില്ലാ ഘടകം തയാറായില്ല. ബിജിമോൾക്ക് എല്ലാം നൽകിയ പാർട്ടിയെക്കുറിച്ച് വിമർശനം ഉന്നയിച്ചത് ദൗർഭാഗ്യകരമായി എന്നും സമ്മേളന പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ബിജിമോൾ നേരത്തേ ഇസ്മായിൽ പക്ഷത്താണ് നിലയുറപ്പിച്ചിരുന്നത്. ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പിൽ സംസ്ഥാന നേതൃത്വത്തിന്റെ നോമിനിയായി മത്സരിച്ച ബിജിമോൾക്ക് 7 വോട്ടാണ് കിട്ടിയത്. കാനം പക്ഷത്തേക്ക് അടുക്കാൻ ശ്രമിച്ചെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ല.
പ്രതികരിക്കാതെ ബിജിമോൾ
സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനു തൊട്ടുപിന്നാലെ സമ്മേളന ഹാളിനു പുറത്തുവന്ന ബിജിമോൾ പ്രതികരണത്തിനു തയാറായില്ല. ‘സമ്മേളനം തീർന്നില്ലല്ലോ. നടന്നു കൊണ്ടിരിക്കുകയല്ലേ. ഈ ഘട്ടത്തിൽ ഒന്നും പറയാനാവില്ല’ എന്നായിരുന്നു പ്രതികരണം. പാർട്ടിക്കു പുറത്തേക്കാണോ പോക്ക് എന്ന ചോദ്യത്തിന് ചിരിയായിരുന്നു മറുപടി.
English Summary: CPI state council election