യുവതിയുടെയും ശിശുവിന്റെയും മരണം: 3 ഡോക്ടർമാരെ അറസ്റ്റ് ചെയ്തു
Mail This Article
പാലക്കാട് ∙ പ്രസവ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ, ചികിത്സപ്പിഴവുണ്ടായെന്ന മെഡിക്കൽ ബോർഡിന്റെ വിലയിരുത്തലിനു പിന്നാലെ 3 ഡോക്ടർമാരെ അറസ്റ്റ് ചെയ്തു. ഗൈനക്കോളജിസ്റ്റുമാരായ ഡോ. പ്രിയദർശിനി, ഡോ. അജിത്ത് സത്യാനന്ദൻ, ഡോ. നിള എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി വി.കെ.രാജു വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റമാണു ചുമത്തിയിട്ടുള്ളത്.
യാക്കര തങ്കം ആശുപത്രിയിൽ ചിറ്റൂർ തത്തമംഗലം ചെമ്പകശ്ശേരി എം.രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും (25) ആൺകുഞ്ഞുമാണു ജൂലൈ നാലിനു മരിച്ചത്. ഡോ. പ്രിയദർശിനി, ഡോ. അജിത് സത്യാനന്ദൻ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ ബോർഡും രൂപീകരിച്ചു. വാക്വം ഉപയോഗിച്ചുള്ള പ്രസവത്തിന്റെ പാർശ്വഫലങ്ങളും തുടർന്നുണ്ടായ ശ്വാസതടസ്സവും കുഞ്ഞിന്റെ മരണത്തിനു കാരണമായെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന. സ്വാഭാവിക പ്രസവത്തിനു തടസ്സം നേരിട്ടതായും റിപ്പോർട്ടിലുണ്ട്.
ഗർഭപാത്രത്തിലെ മുറിവിനെത്തുടർന്നുള്ള അമിത രക്തസ്രാവവും ഐശ്വര്യയുടെ മരണത്തിനിടയാക്കി. പോസ്റ്റ്മോർട്ടത്തിലെ വ്യക്തമായ സൂചനകൾ മെഡിക്കൽ ബോർഡ് പരിഗണിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ ആരോഗ്യവകുപ്പിന്റെയും മനുഷ്യാവകാശ കമ്മിഷന്റെയും അന്വേഷണങ്ങൾ നടക്കുന്നുണ്ട്. പിഴവുണ്ടായില്ലെന്നും യഥാസമയം വേണ്ട ചികിത്സകളെല്ലാം ലഭ്യമാക്കിയെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. ഡോക്ടർമാരുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ പൊലീസ് ഇനി കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
അമ്മയും കുഞ്ഞും മരിച്ചതിന്റെ തൊട്ടുപിന്നാലെ കാലിനു ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച, കോങ്ങാട് ചെറായ കാക്കറത്ത് വീട്ടിൽ ഹരിദാസിന്റെ മകൾ കാർത്തികയും (27) ഇതേ ആശുപത്രിയിൽ മരിച്ചിരുന്നു. ഇതിലും ബന്ധുക്കൾ ചികിത്സപ്പിഴവ് ആരോപിച്ചിട്ടുണ്ട്. അന്വേഷണം പുരോഗതിയിലാണ്. ഈ കേസിൽ മെഡിക്കൽ ബോർഡിന്റെ സിറ്റിങ് 12നു നടക്കും.
English Summary: Doctors arrested in Palakkad mother and infant death case